തിരുവനന്തപുരം മൃഗശാലയിൽ സിംഹക്കുഞ്ഞുങ്ങൾക്ക് മാതാപിതാക്കളായി ദൗത്യസംഘം; സിംബയും സൂരിയും ഉഷാറാണ്
തിരുവനന്തപുരം മൃഗശാലയിൽ ജനിച്ച സിംഹക്കുഞ്ഞുങ്ങൾ ഇപ്പോൾ ഉഷാറാണ്. നൈല - ലിയോ എന്നീ സിംഹങ്ങൾക്ക് ജനുവരി 21- ന് ഉണ്ടായ കുഞ്ഞുങ്ങളെ മൃഗശാല ആശുപത്രിയിലാണ് പരിപാലിക്കുന്നത്. ഇരുവർക്കും 'സിംബ' എന്നും ‘സൂരി’ എന്നും പേരുമിട്ടു. നൈലയുടെ കഴിഞ്ഞ പ്രസവത്തിലെ കുഞ്ഞുങ്ങൾ മരിച്ചുപോയതിനാൽ ഇത്തവണ അധികൃതർ കൂടുതൽ മുൻകരുതൽ എടുത്തിരുന്നു. മൂന്ന് കുഞ്ഞുങ്ങൾ ഉണ്ടായെങ്കിലും പ്രസവത്തിന് സാധാരണയിൽ കവിഞ്ഞ സമയം എടുത്തതുകൊണ്ട് കുഞ്ഞുങ്ങളുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. മൃഗശാല വെറ്ററിനറി സർജ്ജൻ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തിൽ അടിയന്തിര ശുശ്രൂഷകൾ നൽകിയെങ്കിലും നൈലയ്ക്ക് ആവശ്യത്തിന് മുലപ്പാൽ ഇല്ലാത്തത് വെല്ലുവിളി ആയി. കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മോശമായി വന്നതിനെ തുടർന്ന് അടിയന്തിര ചികിത്സയ്ക്കായി രാത്രി തന്നെ കുഞ്ഞുങ്ങളെ ഹോസ്പിറ്റലിലേക്ക് മാറ്റി. വെറ്ററിനറി സർജ്ജന്റെ മേൽനോട്ടത്തിൽ ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ ജിജോ, നഹാസ്, അനിമൽ കീപ്പർ അനിൽ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് ചികിത്സ ആരംഭിച്ചു. ആദ്യത്തെ പത്ത് ദിവസത്തോളം കണ്ണുകൾ തുറക്കാത്ത കുഞ്ഞുങ്ങൾക്ക് ദൗത്യ സംഘമാണ് അച്ഛനും അമ്മയും. ഏറ്റവും അപകടകരമായ ആദ്യഘട്ടം കഴിഞ്ഞതോടെ ഇപ്പോൾ രണ്ടുപേരും ഉഷാറാണ്.
Content Highlights: Three lion cubs were born to parents Nyla and Leo. After the mother refused to care for or nurse them, and one cub tragically died, the zoo authorities stepped in to rescue the remaining two, Simba and Surya.