അതിർത്തികടന്ന് ആടുമേയ്ക്കുന്നവർ; പാലക്കാട്ടെ പരദേശികൾ

കൊയ്ത്തുകഴിഞ്ഞ് ഉഴുതിട്ടിരിക്കുന്ന പാടങ്ങളിലൂടെ വലിയ ആട്ടിന്‍പറ്റങ്ങളെയും മേച്ചു നടക്കുന്ന കുറെ മനുഷ്യര്‍. പാലക്കാട്ടെ വയലുകളിലെ സ്ഥിരം കാഴ്ചയാണിത്. ഉഴുതുമറിച്ചിട്ടിരിക്കുന്ന പാടങ്ങളില്‍ യഥേഷ്ടം മുളച്ചുനില്‍ക്കുന്ന പച്ചപ്പുല്ല് കഴിച്ച് പതിയെ നീങ്ങുന്ന ആട്ടിന്‍പറ്റങ്ങള്‍ക്കൊപ്പം നടന്നുനീങ്ങുന്ന കുറച്ച് മനുഷ്യരുമുണ്ട്. 

കേരളത്തിനോട് അടുത്തുകിടക്കുന്ന തമിഴ് ഗ്രാമങ്ങളില്‍ നിന്നുമാണ് ആട്ടിന്‍പറ്റവുമായി ഇവര്‍ കേരളത്തിലെ വയലുകളിലേക്ക് എത്തുന്നത്. നല്ല ഭക്ഷണം കഴിച്ച് നന്നായി വളര്‍ച്ചയെത്തുന്ന ആടുകള്‍ക്ക് വില്‍ക്കുമ്പോള്‍ നല്ല വിലയാണ് ലഭിക്കുക. നൂറ് ആടുകള്‍ക്ക് ഏകദേശം പത്ത് പതിനഞ്ചുലക്ഷം രൂപ വരെ ലഭിക്കും. 

ഇതുതന്നെയാണ് നല്ല ഭക്ഷണത്തിനായി ആടുകളുമായി കേരളത്തിലേക്ക് എത്താന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. വയലുകളില്‍ വീണ്ടും കൃഷി തുടങ്ങുന്നതുവരെയാണ് ഇവര്‍ കേരളത്തില്‍ തങ്ങുക. ഏകദേശം നാല് മാസത്തോളം ആടുകള്‍ക്കൊപ്പം വയലിലും റോഡിലും തന്നെയാണ് ഇവരുടെയും ജീവിതം. ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതും വിശ്രമിക്കുന്നതും ഉറങ്ങുന്നതും വയലിലും വഴിയരികിലും തന്നെ. 

ആട്ടിന്‍പറ്റങ്ങളുമായി ഇവര്‍ എത്തുന്നത് വയലുകളുടെ ഉടമകള്‍ക്കും ഇഷ്ടമാണ്. ആടുകളുടെ കാഷ്ടം നല്ല വളമാണ്. അതുകൊണ്ടുതന്നെ ആടുകള്‍ വന്നുപോകുന്ന വയലുകളില്‍ വലിയ വിളവാണ് ലഭിക്കുക. ഇതുകാരണം ആടുകളുമായി എത്തുന്നവര്‍ സ്വന്തം വയലില്‍ തമ്പടിക്കുന്നതിന് വയലുടമകള്‍ ഇവര്‍ക്ക് ചിലവിനുള്ള പണം നല്‍കാറുണ്ട്. ആടുകളുടെ എണ്ണം അനുസരിച്ചാണ് പണം നല്‍കുക.
 

Content Highlights: Goat Farming in Palakkad, Shepherds in Palakkad, Shepherds from Tamilnadu