വികാരതീവ്രം, ഒബ്സസീവ്, പ്രാക്ടിക്കൽ, പ്ലാറ്റോണിക്; വ്യത്യസ്തമാണ് ഓരോ മനുഷ്യന്റെയും ലവ് സ്റ്റൈലുകൾ
ചില കപ്പിൾസിനെ കാണുമ്പോ നമ്മൾ പറയാറില്ലേ...വാട്ട് എ ലവ്ലി കപ്പിളെന്ന്...എന്നാൽ ചിലരെ കാണുമ്പോഴോ..ഇവർ തമ്മിൽ ശരിക്ക് ഇഷ്ടത്തിലാണോ? എന്ത് പ്രണയമാണിതെന്നും തോന്നിപ്പോകും. രണ്ടും പ്രണയമാണ്..പക്ഷേ തീർത്തും വ്യത്യസ്തവും. ശരിക്ക് പ്രണയത്തിന് പിന്നിലെ സെക്കോളജിയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ശരിക്ക് സ്നേഹം പ്രകടിപ്പിക്കുന്നതും അത് തിരിച്ചുകിട്ടുന്നതുമൊക്കെ എങ്ങനെയാണെന്നോർത്തിട്ടുണ്ടോ? ഓരോ മനുഷ്യനും ഓരോ ലവ് ലാംഗേജുണ്ട്. ഇതിനേക്കുറിച്ച് വിശദമായി പഠിച്ച കനേഡിയൻ സൈക്കോളജിസ്റ്റായ ജോൺ അലൻ ലീയുടെ കളർ വീൽ തിയറി ഓഫ് ലൗ അനുസരിച്ച് മൂന്ന് പ്രൈമറി, മൂന്ന് സെക്കൻഡറി, ഒമ്പത് ടെറിഷ്യറി ലൗവ് സ്റ്റൈലുകളാണുള്ളത്.
1. ഇറോസ് അഥവാ വികാരതീവ്രമായ പ്രണയം
കണ്ടാൽ തന്നെ ഇവരെന്ത് കെമിസ്ട്രിയാണെന്ന് ചില കമിതാക്കളെ കണ്ടാൽ തോന്നില്ലേ. പ്രണയത്തെ പ്രണയിച്ച് പ്രണയം പ്രകടിപ്പിക്കുന്നതാണ് ഇറോസ് എന്ന പ്രണയഭാഷ. വളരെ റൊമാന്റിക്കായ ഒരു ബന്ധം ആയിരിക്കും ഇത്തരത്തിൽ പ്രണയിക്കുന്നവർ ചേർന്നാൽ ഉണ്ടായിരിക്കുക. ആഴമേറിയ സ്നേഹവും അടങ്ങാത്ത അഭിനിവേശവുമെല്ലാം ഈ രീതിയുടെ ആകെത്തുകയാണ്. ചുരുക്കി പറഞ്ഞാൽ ഒരു റൊമാന്റിക് സിനിമ കാണുന്നത് പോലെയാവും ഈ പ്രണയരീതി.
കമിതാക്കൾ പ്രണയത്തിന്റെ മൂർദ്ധാവിൽ നിന്ന് അതേ രീതിയിൽ തന്നെ ഏറ്റക്കുറച്ചിലുകളില്ലാതെ നിലനിൽക്കും. പരസ്പരമുള്ള വൈകാരിക,ശാരീരിക ആവശ്യങ്ങളെല്ലാം പങ്കുവെയ്ക്കുന്നതിനോടൊപ്പം തന്നെ വല്ലാതെ സ്നേഹം പ്രകടിപ്പിക്കുന്നതാണ് ഇറോസ് രീതി. മറ്റു പ്രണയ രീതികളെ അപേക്ഷിച്ച് ആദ്യ കാഴ്ചയിലെ പ്രണയം ഇറോസിന്റെ ഭാഗമാണ്. ചെല്ലപ്പേരുകളുപയോഗിച്ച് പങ്കാളിയെ വിളിക്കുന്നതിനോടൊപ്പം തന്നെ ഇവരുടെ പ്രണയം പ്രതീക്ഷകളുടെ ഭാരം അധികം ചുമക്കാത്ത തരത്തിലായിരിക്കും.
അധികമായാൽ അമൃതും വിഷയമാണല്ലോ. പങ്കാളിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയ തെറ്റുകൾ പോലും സഹിക്കാൻ ആകാതെ വരും. കൂടാതെ അവരെ പിരിയുന്നതും വളരെയധികം ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. മാനസികമായി വരെ തളർത്തിയേക്കാവുന്നതാണ് ഈ പ്രണയത്തിന്റെ അനന്തരം. ഫാന്റസി ലോകത്ത് പ്രണയമെന്ന മാന്ത്രിക നൂലിൽ പറക്കുന്നതിനോടൊപ്പം തന്നെ അവിടുന്ന് വീഴുമ്പോൾ സുരക്ഷിതമായി ലാൻഡ് ചെയ്യാനും ശ്രദ്ധിക്കണം.
2. ലുഡസ് അഥവാ ഗെയിം പ്ലെയിങ് പ്രണയം
ചില പ്രണയങ്ങൾ വീക്ഷിച്ചാലറിയാം അവർ എപ്പോഴും സന്തോഷത്തിനാണ് പ്രാധാന്യം നൽകുക. വിജയിക്കാൻ ശ്രമിക്കുന്ന ഒരു കളിയായാണ് പ്രണയത്തെ ഇവിടെ കണക്കാക്കുന്നത്. പലപ്പോഴും ഈ പ്രണയവല രണ്ട് പേരിൽ നിൽക്കാത്ത ഘട്ടങ്ങളും വരാറുണ്ട്. എത്രതത്തോളം രസകരമായി മുന്നോട്ട് കൊണ്ടു പോകാമോ അത്രത്തോളം ആയുസ് മാത്രമേ ഇത്തരം പ്രണയത്തിന് ഉണ്ടാകുന്നുള്ളൂ. അതുകൊണ്ട് തന്നെ കമ്മിറ്റ്മെന്റുകൾ അധികമുണ്ടാകുന്നില്ല. ഒട്ടും സീരിയസല്ലാതെ പ്രണയത്തെ മുന്നോട്ട് കൊണ്ടുപോകുന്നവരാണ് ലുഡസ് വിഭാഗത്തിൽ പെടുന്നത്. ചുരുക്കത്തിൽ പ്രണയത്തിന്റെ വ്യത്യസ്ത പടവുകളിൽ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കുമിവർ. വികാരപരമായി ഒട്ടും നിൽക്കാതെ പുതിയ പുതിയ തലങ്ങൾ തേടിപ്പോകുന്നു. ഇതിലെ പ്രധാന പ്രശ്നമെന്തെന്നാൽ ഒരാൾ ലുഡസിലും മറ്റൊരാൾ ഇറോസിലുമാകുമ്പോൾ രണ്ട് കാന്തങ്ങളുടെ ഒരേ ധ്രുവങ്ങളെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്നതുപോലെയാണ് കാര്യങ്ങൾ സംഭവിക്കുക.
3. സ്റ്റോഗേയ് അഥവ പ്ലാറ്റോണിക് പ്രണയം
കമ്മിറ്റ്മെന്റും വികാരനിർഭരവുമായ ദൃഢതയുള്ള ബന്ധമാണ് ഈ കൂട്ടർ കാത്തു സൂക്ഷിക്കുന്നത്. പലപ്പോഴും ഇത് വിവാഹത്തിലെത്തുന്ന പ്രണയ രീതിയായി മാറുന്നു. ഇത്തരത്തിലുള്ളവർ പലപ്പോഴും ദീർഘകാലത്തെ ബന്ധങ്ങളിലേക്ക് എത്തിച്ചേരുന്നു. ചുരുക്കത്തിൽ സ്റ്റോഗേയ് പ്രണയത്തിലുള്ളവർ ആദ്യം സുഹൃത്തുക്കളായിരിക്കും. സുഹൃത്തിൽ നിന്ന് പങ്കാളികളിലേക്ക് എത്തിയെന്നത് ഏത് പോയിന്റിലാണ് എന്നത് അറിയാൻ പലപ്പോഴും സാധിക്കില്ല. തനിക്കുള്ളതുപോലെയുള്ള ലക്ഷ്യങ്ങളും സ്വഭാവവും ആഗ്രഹങ്ങളുമെല്ലാമുള്ള പങ്കാളിയെയാവും ഇവർ തിരഞ്ഞെടുക്കുക. അതുകൊണ്ടുതന്നെ പങ്കാളിക്ക് മുൻതൂക്കം നൽകാൻ പരമാവധി ശ്രദ്ധിക്കുന്നു. ഇത്തരം ബന്ധം ഊട്ടിയുറപ്പിക്കുന്നത് പരസ്പര വിശ്വാസമാണ്. വിവാഹത്തിലും കുട്ടികളിലും എത്തിച്ചേരാൻ താത്പര്യപ്പെടുന്നതും ഇതിന്റെ അനന്തഫലമായാണ്.
4. മാനിയ അഥവ ഒബ്സസീവ് പ്രണയം
പുതിയ പിള്ളേരുടെ ട്രോൾ ഭാഷയിൽ പറഞ്ഞാൽ 'ഏട്ടായിയുടെ വാവ' അതാണ് ഈ പ്രണയരീതി. കൂട്ടത്തിൽ തന്നെ ഏറ്റവും അനാരോഗ്യപരമായ പ്രണയ രീതിയാണിത്. പേര് പോലെ തന്നെ ഭ്രാന്തമായ പ്രണയം അതാണ് മാനിയ. തനിക്ക് ഇഷ്ടമുള്ള രീതിയിൽ പ്രണയിക്കുകയും അതേ തരത്തിൽ തന്നെ പ്രണയം തിരിച്ചു കിട്ടണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നത് ഈ ശൈലിയുടെ പ്രധാന ദോഷമാണ്. നാർസിസ്റ്റ് സ്വാഭവമുള്ളവർ പ്രണയിക്കുന്നത് ഈ പാത പിന്തുടർന്ന് കൊണ്ടാണ്. മറ്റുള്ളവരോട് കൂടി പങ്കാളി അടുക്കന്നത് പോലും ഭ്രാന്തമായ പൊസസീവ്നെസിന് വഴികാട്ടും. എപ്പോഴും തന്റേതായിരിക്കാൻ ആഗ്രഹമുള്ളതുകൊണ്ട് തന്നെ നിന്നോടൊപ്പമുണ്ടെന്ന ഉറപ്പ് സ്ഥിരമായി പങ്കാളിക്ക് നൽകേണ്ടതായി വരുന്നു. സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാതെ എല്ലാ കാര്യങ്ങൾക്കും പങ്കാളിയുടെ ആവശ്യം വേണ്ടിവരുന്നു. അവൻ ഇല്ലെങ്കിൽ അവളില്ലാതെ ജീവിക്കാൻ കഴിയാത്ത ഒരുതരം മനഭ്രാന്തി പോലും ഉടലെടുക്കുന്നു. ഇറോസ്, ലുഡസ് എന്നിവയുടെ തുല്ല്യതയാണ് മാനിയ എന്ന പ്രണയശൈലി.
5. പ്രാഗ്മ അഥവ പ്രാക്ടിക്കൽ പ്രണയം
ലുഡസിന് പൂർണമായി എതിരായ ഒന്നാണ് പ്രാഗ്മ. വളരെ പ്രാക്ടികലായ രീതിയായത് കൊണ്ടുതന്നെ ലോജിക്കലായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമങ്ങളുണ്ടാകുന്നു. പക്ഷേ അതിനർത്ഥം പ്രണയത്തിലുള്ളവർ പൂർണമായും വികാരങ്ങളില്ലാത്തവരെന്നല്ല, മറിച്ച് പ്രണയത്തിന്റെ വശങ്ങളോടൊപ്പം ശരിയായി സഞ്ചരിക്കുന്നവരായിരിക്കും ഇവർ. പങ്കാളിയെ സഹായിക്കുന്നതിനായി ഇവർ മുന്നിലുണ്ടാകുന്നു. അതിനോടൊപ്പം തന്നെ സ്വന്തം ആവശ്യങ്ങളും പ്രതീക്ഷകളുമായി ഒത്തുപോകുന്ന തരത്തിലുള്ള പങ്കാളികളെയാണ് ഇക്കൂട്ടർ തിരഞ്ഞെടുക്കുന്നത്. കൂടാതെ ഒരേ തരത്തിലുള്ള ലക്ഷ്യങ്ങളാണ് ഇരു കൂട്ടർക്കുമുള്ളതെങ്കിൽ അതിൽ എത്തിച്ചേരാൻ ഒരുപോലെ ശ്രമങ്ങളുണ്ടാകുന്നു. പങ്കാളിക്ക് ബഹുമാനം നൽകുന്നുവെന്നത് തന്നെ ഇത്തരം പ്രണയശൈലിയുടെ പ്രധാന സവിശേഷതയാണ്. അതുകൊണ്ട് കാലത്തോടൊപ്പം പ്രണയവും സഞ്ചരിക്കും. പലപ്പോഴും അറേഞ്ച്ഡ് മാര്യേജിൽ എത്തുന്നതുപോലും പ്രാഗമറ്റിക്ക് ബന്ധത്തിന്റെ ഭാഗമായാണ്.
6. അഗാപേ അഥവ സെൽഫ്ലെസ് പ്രണയം
പങ്കാളിയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ മുന്നോട്ട് പോകുന്ന പ്രണയശൈലിയെ അഗാപേ എന്നു വിളിക്കാം. വളരെ പക്വത കാണിക്കുന്നവരാണ് ഇവർ. സ്വന്തം കാര്യങ്ങൾക്ക് മുന്നോടിയായി പങ്കാളിയുടെ ആവശ്യങ്ങൾക്ക് ഇവർ മുൻതൂക്കം നൽകുന്നു. അതുകൊണ്ട് തന്നെ കുറ്റപ്പെടുത്തലുകളും വിവാദങ്ങളും താരതമ്യേന കുറവായിരിക്കും. അഗാപേ വിഭാഗത്തിലെ കമിതാവ് പങ്കാളിയെ കെയർ ചെയ്യേണ്ടത് അവരുടെ കടമയായി കരുതുന്നു. കിട്ടുന്നതിനെക്കാളും കൊടുക്കുന്നതാണ് പ്രണയമെന്നത് ഈ കൂട്ടർക്ക് അറിയാം. എന്തിനേറെ ബ്രേക്ക്അപ്പ് ആയാൽപോലും പങ്കാളിയെ കുറ്റപ്പെടുത്താതെ അവരെ ബഹുമാനിക്കുന്നതുകൊണ്ട് ആരോഗ്യകരമായ പ്രണയ ശൈലിയാണിതെന്ന് പറയാം. ക്ഷമ, മനസിലാക്കൽ, വിധേയത്വം, ത്യാഗം എന്നതുള്ളത് കൊണ്ടുതന്നെ പലപ്പോഴും ഇത്തരക്കാർ ചൂഷണത്തിന് വിധേയരാകാറുണ്ട് എന്ന സത്യവും ഒഴിച്ചുകൂടാനാവത്തതാണ്.
മനസ്സിലെ പ്രണയം പങ്കുവെയ്ക്കുമ്പോഴാണ് പൂർണമാകുന്നത്. രീതികൾ വേറെയായാലും പ്രണയം ഒന്നുതന്നെ എന്ന് കരുതുന്നത് തെറ്റ്. പങ്കാളിയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള അനാവശ്യമായ കൈകടത്തലുകൾ പ്രണയത്തെ ടോക്സിക്കാകുന്ന രീതിയിൽ എത്തിക്കുമെന്നത് തീർച്ച. അതുകൊണ്ടുതന്നെ പരസ്പരം പ്രണയിക്കാൻ ശ്രദ്ധിക്കുന്നത് പോലെ തന്നെ സ്വന്തമായി ശ്രദ്ധിക്കാൻ സമയം അനുവദിക്കുന്നതിനോടൊപ്പം തന്നെ പങ്കാളിക്കും അതിന് വഴിയൊരുക്കണം.
Content Highlights: Discover the 6 primary love styles based on John Alan Lee`s color wheel theory