'പാലം ഉദ്ഘാടനം കഴിയുന്നത് വരെ ജീവിച്ചിരിക്കണം, അത്രയും ത്യാഗം അനുഭവിച്ചവരാണ് പെരുമ്പളത്തുകാർ’

‘ഈ പാലത്തിന്റെ കരയിൽ നിൽക്കുമ്പോൾ പോലും ഞങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. മാർച്ച് ഏഴിന് പാലം ഉദ്ഘാടനം കഴിയുന്നത് വരെ ജീവിച്ചിരിക്കണമെന്നാണ് ഇപ്പോഴുള്ള ആഗ്രഹം. അത്രയ്ക്ക് സന്തോഷത്തിലാണ് ഞങ്ങളെല്ലാം. ഞങ്ങളുടെ പാലത്തിലൂടെ നടന്നിട്ടായാലും ഇനി മറുകര തൊടാൻ സാധിക്കുമല്ലോ.... ഉള്ളിൽ നിറയുന്ന സന്തോഷം എങ്ങനെ പറയണമെന്ന് അറിയുന്നില്ല പെരുമ്പളത്തെ ജനങ്ങൾക്ക്.
ഒരു നാടൊന്നിച്ച് കണ്ട അഞ്ച് പതിറ്റാണ്ടിലേറെ പഴക്കമുള്ള സ്വപ്നം. പെരുമ്പളം-പാണാവള്ളി പാലം മാർച്ച് ഏഴിന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുന്നതോടെ പെരുമ്പളത്തുകാരുടെ വികസന സ്വപ്നം യാഥാർഥ്യമാകുകയാണ്. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടുകായലിന് കുറുകെയുള്ള ഏറ്റവും നീളമേറിയ പാലമെന്ന ഖ്യാതിയും പെരുമ്പളം പാലം സ്വന്തമാക്കും.

കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്താണ് ആലപ്പുഴ ജില്ലയിലെ പെരുമ്പളം. ബോട്ട്, ജങ്കാർ എന്നിവയെ ആശ്രയിച്ചാണ് പെരുമ്പളത്തുകാർ പുറം ലോകവുമായി ബന്ധപ്പെടുന്നത്. സ്കൂൾ കുട്ടികൾ വരെ ആശ്രയിക്കുന്നത് ജലമാർഗമുള്ള യാത്രയെ തന്നെ.

കേരളസർക്കാർ കിഫ്ബി ധനസഹായത്തോടെ 108 കോടി മുടക്കി നടപ്പിലാക്കിയ പെരുമ്പളം- പാണാവള്ളി പാലം പദ്ധതി ഒരു നാടിന്റെ ജീവിതത്തെ തന്നെ എങ്ങനെ മാറ്റിമറിക്കുമെന്നത് ഇവിടെയുള്ള ഓരോ ജനങ്ങളുടെയും സന്തോഷം പറഞ്ഞു തരും. പെരുമ്പളം പഞ്ചായത്തിലേക്കുള്ള കെ.എസ്.ആർ.ടി.സി യുടെ ട്രയൽ റണ്ണിനെ വൻ വരവേൽപ് നല്‌‍കി സ്വീകരിച്ചത് ആ സന്തോഷത്തിന്റെ നേർക്കാഴ്ച്ചയാണ്.

Content Highlights: Fulfills a 50-year-old dream for Perumbalam island residents., Becomes the longest bridge across Vembanad Lake in Kerala