ആറുനേരം പാൽ, കൃത്യമായ പരിപാലനം; സിംഹക്കുട്ടികളെ ശുശ്രൂഷിച്ചവർ ഇനി കുരങ്ങിൻ കുഞ്ഞിനെ ഓമനിക്കും

അമ്മയില്ലാത്ത വെറും രണ്ട് ദിവസം പ്രായമുള്ള കുരങ്ങിൻ കുഞ്ഞിന് ഇനി മൃഗശാലയിലെ പ്രത്യേക സംഘത്തിന്റെ കരുതൽ. നേരത്തേ അമ്മ ഉപേക്ഷിച്ച സിംഹക്കുട്ടികളെ പരിചരിച്ച അതേ സംഘമാണ് ഇപ്പോൾ ഹനുമാൻ കുരങ്ങിന്റെ കുഞ്ഞിനെയും പരിപാലിക്കുന്നത്. വെള്ളിയാഴ്ചയാണ് മൃഗശാലയിലെ ഹനുമാൻ കുരങ്ങ് ആൺകുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ പ്രസവത്തെത്തുടർന്ന് അമ്മക്കുരങ്ങ് ചത്തതോടെ കുഞ്ഞ് അനാഥമായി. തുടർന്നാണ് കുഞ്ഞിനെ മൃഗശാല ആശുപത്രിയിലേക്ക് മാറ്റിയത്.

വെറ്ററിനറി സർജൻ നികേഷ് കിരണിന്റെ നേതൃത്വത്തിൽ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി. തുടർന്ന് പ്രത്യേകം തയ്യാറാക്കിയ ഇൻക്യുബേറ്റർ സംവിധാനത്തിലേക്ക് മാറ്റി. നിലവിൽ കുപ്പിപ്പാൽ നൽകിയാണ് പരിചരണം. 850 ഗ്രാം മാത്രമാണ് കുഞ്ഞിന്റെ ഭാരം. ആരോഗ്യനില തൃപ്തികരമാണെങ്കിലും ആദ്യ ആഴ്ച നിർണായകമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. പാൽ കുടിക്കാൻ മടി കാണിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. നിർബന്ധിച്ച് പാൽ നൽകുന്നത് മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമോ എന്ന ആശങ്കയുള്ളതിനാൽ കൃത്യമായ ഇടവേളകളിലാണ് ഇപ്പോൾ പാൽ നൽകുന്നത്.

Content Highlights: orphaned newborn hanuman langur baby under special care at zoo