പട്ടിണിക്കാലത്ത് ചക്കമാത്രം തിന്ന് സ്‌കൂളില്‍പോയിട്ടുണ്ട്; ഇന്ന് ലക്ഷങ്ങള്‍ വരുമാനമുള്ള സംരംഭക

' കെയറില്‍ ഹോമിലെത്തിയ ദിവസം ചേച്ചീ ഇന്ന് സദ്യയാണെന്ന് ഒരു കൊച്ച് ഓടി വന്ന്‌ എന്നോട് പറഞ്ഞു. നമ്മുടെ മനസില്‍ സദ്യയെന്ന് പറഞ്ഞാല്‍ ഇലയിട്ട സദ്യയാണ്. പക്ഷേ അന്നു കിട്ടിയത് മീനിന്റെ ചെറിയൊരു കഷ്ണമാണ്. അന്നാണ് ചെറിയൊരു മീന്‍ കിട്ടുന്നതും സദ്യയാണെന്ന് കരുതുന്നവരുണ്ടെന്ന് മനസിലാക്കുന്നത്. അവിടെനിന്നാണ് ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കണമെന്ന് പഠിക്കുന്നത്- നീനു ജോര്‍ജിന് തന്റെ ചെറുപ്പകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇങ്ങനെയൊക്കെയാണ്. പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ കുടുംബാന്തരീക്ഷത്തില്‍ പഠിക്കാനുള്ള സാഹചര്യമില്ലാതെ വന്നപ്പോഴാണ് നീനു ജോര്‍ജിന് കെയര്‍ ഹോമിലേയ്ക്ക് വരേണ്ടി വന്നത്. അച്ഛനേയും അമ്മയേയും വിട്ട് അവള്‍ ചെന്നെത്തിയത് കല്ലൂര്‍ക്കാടുള്ള മദര്‍ ആന്‍ഡ് ചൈല്‍ഡ് ഫൗണ്ടേഷനിലാണ്. സങ്കടങ്ങള്‍ ഉള്ളിലൊതുക്കി അവള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കെയര്‍ ഹോമിലെ ഇല്ലായ്മകളിലും ഉന്നതവിദ്യാഭ്യാസമെന്ന സ്വപ്‌നം അവള്‍ സാക്ഷാത്ക്കരിച്ചു. ഇന്ന് നീനു ലക്ഷങ്ങള്‍ വരുമാനമുള്ള സംരംഭകയും മേക്കപ്പ് ആര്‍ട്ടിസ്റ്റും സോഫ്ട്‌വെയര്‍ എന്‍ജിനീയറുമാണ്.

നീനുവിന്റെ ജീവിതമൊരു പാഠപുസ്തകമാണ്. യാഥാര്‍ഥ്യങ്ങളുടെ ഉപ്പുകല്ലുകളാല്‍ ജീവിതം മുറിപ്പെടുമ്പോള്‍ തോല്‍ക്കാന്‍ മനസ്സില്ലാതെ പടവെട്ടിയ മനസുറപ്പിന്റെ കഥയാണ് അവളുടേത്. 'പട്ടിണിക്കാലത്ത് ചക്ക മാത്രം തിന്നു സ്‌കൂളില്‍പോയിട്ടുണ്ട്, ഇരട്ടസഹോദരിയ്‌ക്കൊപ്പം ഒരു പുസ്തകവും ബാഗും പകുത്ത് പഠിച്ചിട്ടുണ്ട്, ഉച്ചയ്ക്ക് അച്ചാര്‍ മാത്രമായ ചോറുപാത്രത്തില്‍ നോക്കി നുണ പറഞ്ഞിട്ടുണ്ട്.-സ്‌കൂളോര്‍മ്മയില്‍ വേദന തിങ്ങി. എം.ടെക്കില്‍ ഒന്നാം റാങ്ക് വാങ്ങി സോഫ്ട്‌വെയര്‍ എന്‍ജിനീയറായി അവള്‍ കരിയര്‍ ആരംഭിച്ചു. ജോലി നേടി ഹോസ്റ്ററിലേയ്ക്ക് പറിച്ചുനട്ട ജീവിതത്തിലും അവള്‍ ഉറുമ്പു അരിമണിക്കൂട്ടുന്നത് പോലെ തന്റെ ശമ്പളം സമ്പാദ്യമാക്കി മാറ്റി. ഒരു നേരത്ത് ഭക്ഷണം മാത്രം കഴിച്ചും വണ്ടിക്കൂലിയ്ക്കായി ട്യൂഷന്‍ പഠിപ്പിച്ചും അവള്‍ പണം സ്വരുക്കൂട്ടിവെച്ചു.

വിലകുറഞ്ഞ തുണിയില്‍ അവള്‍ തയ്ച്ചിടുന്ന ചുരിദാരില്‍ സഹപ്രവര്‍ത്തകയ്ക്ക് തോന്നിയ താത്പര്യമാണവരെ സംരംഭകയാക്കി മാറ്റിയത്.സോഫ്ട്‌വെയര്‍ ജോലിയ്‌ക്കൊപ്പം തയ്യലും ഡിസൈനിങ്ങും അവള്‍ പാര്‍ട്ട് ടൈമായി ചെയ്തു. ഇന്നത് ഇന്ത്യയിലും വിദേശത്തും ഡിസൈനര്‍ വസ്ത്രങ്ങളൊരുക്കുന്ന ലാന ഡിസൈനര്‍ ബൊട്ടീക്കായി മാറി. വാടകവീടുകളില്‍ നിന്നോടിയോടി മടുത്ത കുട്ടിക്കാലത്തെ മറക്കാതെ അവള്‍ സ്വന്തമായി വീട് നിര്‍മ്മിച്ചു. നീനുവിന് പറയാനുള്ളത് കഷ്ടപ്പാടുകളില്‍ നിന്നും  ജീവിതം വെട്ടിപ്പിടിച്ച നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചാണ്, സമയമില്ലായ്മകളിലും സമയം കണ്ടെത്തുന്ന സംരംഭകയുടെ
വിജയരഹസ്യത്തെക്കുറിച്ചാണ്. 

inshort-Neenu George`s incredible story: overcoming poverty and hardship to become a successful entrepreneur, makeup artist, and software engineer.  Read her inspiring journey!

Content Highlights: From Care Home to CEO: Neenu George`s Inspiring Journey