'സ്വന്തം കുഞ്ഞ് പോലെ അല്ലേ അത്,അങ്ങനെ ചെയ്യാമോ? ഇവനെയൊന്നും പുറത്തുവിടരുത്' |Kolenchery Child Murder

നാല് വയസുകാരിയെ അമ്മ പുഴയിൽ എറിഞ്ഞുകൊന്ന സംഭവത്തിൽ നിർണായക വഴിത്തിരിവായത് കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ്. ഇതിലൂടെയാണ് നാല് വയസുകാരി പീഡനത്തിനിരയായ വിവരം പുറത്ത് വരുന്നത്. ഇതോടെയാണ് അച്ഛന്റെ അടുത്ത ബന്ധു പോലീസ് പിടിയിലാകുന്നത്. പിന്നാലെ പുറത്തുവന്നതാകട്ടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളും. വീട്ടിൽ കുട്ടിയുമായി ഏറ്റവും അടുപ്പമുള്ളയാളായിരുന്നു അച്ഛന്റെ അടുത്ത ബന്ധു. ഇത് മുതലെടുത്താണ് ഇയാൾ കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിരുന്നത്. ചോദ്യം ചെയ്യലിൽ ആദ്യം പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. എന്നാൽ തെളിവ് നിരത്തിയുള്ള പോലീസിന്റെ ചോദ്യംചെയ്യലിൽ പ്രതി കുറ്റം ഏറ്റുപറയുകയായിരുന്നു.

കുട്ടിയെ നിരന്തരം ക്രൂരപീഡനത്തിന് ഇരയാക്കിയിരുന്നു. കുട്ടി കൊല്ലപ്പെട്ട ദിവസവും ഇയാൾ ലൈംഗികാതിക്രമം നടത്തിയതായാണ് വിവരം. പ്രതി ലൈംഗിക വൈകൃതങ്ങളുള്ള ആളായിരുന്നെന്നും ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചതായും പോലീസ് വ്യക്തമാക്കുന്നു. തനിക്ക് അബദ്ധം പറ്റിയെന്നായിരുന്നു പ്രതിയുടെ മൊഴി. കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. സംഭവത്തിൽ അമ്മയെ കൂടുതൽ ചോദ്യംചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. കൂടാതെ കുട്ടിയെ പീഡനത്തിനിരയാക്കിയ വിവരം അമ്മക്ക് അറിയുമായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കും. അതേസമയം നാലുവയസുകാരിയുടെ മരണത്തിൽ വൈകാരികമായി പ്രതികരിക്കുകയാണ് നാട്ടുകാർ. 

Content Highlights: Locals are reacting emotionally to the death of a four-year-old girl.