പരിശീലനത്തിന് സൗകര്യമില്ല, വിമാനടിക്കറ്റ് കിട്ടിയത് കാലുപിടിച്ച്; കായികമന്ത്രിക്കെതിരേ താരങ്ങള്‍
കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ്റെ "മാച്ച് ഫിക്സിങ്" പരാമർശത്തിൽ പ്രതിഷേധിച്ച് ദേശീയ ഗെയിംസിൽ പങ്കെടുത്ത ബീച്ച് ഹാൻഡ്ബോൾ താരങ്ങൾ. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മന്ത്രി പിൻവലിച്ചില്ലെങ്കിൽ ദേശീയ ഗെയിംസിൽ നേടിയ വെള്ളി മെഡലുകൾ കടലിൽ എറിഞ്ഞു പ്രതിഷേധിക്കുമെന്നും താരങ്ങൾ പറഞ്ഞു. ഹാൻഡ്‌ബോളിൽ ഒത്തുകളി നടത്തി സ്വർണം ഹരിയാനയ്ക്കു കൊടുത്തുവെന്നും കേരളം വെളളി കൊണ്ട് തൃപ്‌തിപ്പെടുകയും ചെയ്തെന്നുമായിരുന്നു മന്ത്രിയുടെ പരാമർശങ്ങളിലൊന്ന്.
'മന്ത്രി കളി നടന്ന സ്ഥലത്ത് വന്ന അന്വേഷിക്കുകയോ ഞങ്ങളോട് സംസാരിക്കുകയോ ചെയ്തിട്ടില്ല. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഇത് ഫിക്സ്ഡ് മാച്ച് ആണെന്ന് അദ്ദേഹം പറഞ്ഞത്. സെമിഫൈനലിൽ കയറുന്നത് വരെ ഞങ്ങളുടെ ഗോൾകീപ്പർ മൂന്ന് ദിവസം ആശുപത്രിയിലായിരുന്നു. ഓരോ കളി കഴിഞ്ഞും ആശുപത്രിയിൽ കൊണ്ടുപോയി, കൊണ്ടുവരികയായിരുന്നു. ഫൈനൽ കളിക്കാൻ അവൾക്കാവില്ലെന്ന് ഡോക്ടർമാർ പറഞ്ഞത് കൊണ്ടാണ് ഞങ്ങൾ ഇറങ്ങാതിരുന്നത്. അതിന്റെ തെളിവ് ഞങ്ങളുടെ അടുത്തുണ്ട്. പ്രസ്താവന നടത്തിയതിന് പിന്നിലെ കാരണം മന്ത്രി വ്യക്തമാക്കണം. അല്ലെങ്കിൽ പ്രസ്താവന അദ്ദേഹം പിൻവലിക്കണം. അല്ലെങ്കിൽ ദേശീയ ഗെയിംസിൽ നിന്ന് ലഭിച്ച മെഡലുകൾ ഞങ്ങളിവിടെ ഉപേക്ഷിക്കും', താരങ്ങളിലൊരാൾ പറഞ്ഞു.
'അസമിൽ നാഷണലിന് പങ്കെടുക്കാൻ പോയപ്പോൾ അതിന്റെ മുഴുവൻ ചിലവും ഞങ്ങൾ തന്നെയാണ് വഹിച്ചത്. ടിക്കറ്റ് കൺഫോം ആകാതെ നിലത്ത് കിടന്നാണ് വന്നത്. ഇതിന്റെ ക്യാമ്പും ആകെ കിട്ടിയത് മൂന്ന് ദിവസമാണ്. എന്നിട്ട് കഷ്ടപ്പെട്ട് കളിച്ച് വെള്ളി മെഡൽ കിട്ടിയിട്ട് പോലും അതിന് വില തരാത്തത് വളരെ മോശമുള്ള കാര്യമാണ്', ഗോൾകീപ്പറായിരുന്ന താരവും വ്യക്തമാക്കി. പരിശീലനത്തിന് വേണ്ട സൗകര്യങ്ങൾ ലഭിച്ചില്ലെന്നും അവസാന നിമിഷമാണ് ഫ്ലൈറ്റ് ടിക്കറ്റ് പോലും ലഭിച്ചതെന്നും താരങ്ങൾ കൂട്ടിച്ചേർത്തു.
സ്‌പോർട്സ് കൗൺസിൽ തങ്ങൾക്ക് യാതൊരു സഹായവും നൽകിയിട്ടില്ല എന്നും കായിക വകുപ്പ് മന്ത്രി നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നും ടീം മാനേജർ റുബീന ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു. കേരള സ്പോർട്സ് കൗൺസിൽ ആസ്ഥാനത്തിന് മുൻപിലാണ് വനിതകളുടെ ബീച്ച് ഹാൻഡ് ബോൾ താരങ്ങൾ പ്രതിഷേധിച്ചത്.
Content Highlights: Kerala Beach Handball Players Protest Minister`s Match-Fixing Claim