ഇന്ത്യയിലെ 'മാസായി മാര'; മനുഷ്യരും പുലികളും ഒന്നിച്ച് കഴിയുന്ന ജവായ്‌

പുലികളും മനുഷ്യരും ഒരുമിച്ച് ജീവിക്കുന്ന ഒരു നാടുണ്ട് രാജസ്ഥാനിൽ. ആരവല്ലി മലനിരകളുടെ താഴ്‌വാരത്ത് ജവായി നദിയോട് ചേർന്ന് കിടക്കുന്ന ഈ പതിനാറോളം ഗ്രാമങ്ങൾക്ക് പറയാനുള്ളത് ഒരേ കഥയാണ്. അതുകൊണ്ട് തന്നെ ഈ ഗ്രാമങ്ങളാകെ അറിയപ്പെടുന്നതും ഒറ്റപ്പേരിൽ -ജവായി. മനുഷ്യരും പുള്ളിപ്പുലികളും യാതൊരുവിധ സംഘർഷങ്ങളുമില്ലാതെ തികഞ്ഞ സൗഹാർദത്തിൽ കഴിയുന്ന പ്രദേശം. ഇടയഗോത്രവിഭാഗമായ 'റബാരി' സമുദായക്കാരായ ഗ്രാമവാസികൾ തങ്ങളുടെ കാവൽദൈവമായ 'അംബേ മാ' യുടെ വാഹനമായാണ് പുലികളെ കാണുന്നത്. ഗ്രാമങ്ങളെ വലയം ചെയ്ത് നിൽക്കുന്ന ഗ്രാനൈറ്റ് പാറക്കൂട്ടങ്ങൾക്കിടയിലെ ഗുഹകളിലാണ് പുലികളുടെ വാസം. പകൽ സമയങ്ങളിൽ പാറക്കെട്ടുകളിലും ഗുഹകളിലും വിശ്രമിക്കുന്ന പുള്ളിപ്പുലികൾ രാത്രികാലങ്ങളിൽ ഗ്രാമങ്ങളിലൂടെ സ്വതന്ത്രമായി വിഹരിക്കും. പതിറ്റാണ്ടുകളായി ഇവിടെ മനുഷ്യരും പുള്ളിപ്പുലികളും തമ്മിൽ ആക്രമണങ്ങളോ സംഘർഷങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പുലികളുടെ സ്വന്തം ജവായിയിലെ മനോഹരകാഴ്ചകളിലേക്ക്.

Content Highlights: jawai rajasthan leopards humans coexistence