Video | കടല്‍ക്കാറ്റേറ്റ് കടലിനു കുറുകെ നടക്കാം, ഇതാണ് രാജ്യത്തെ ആദ്യ കടല്‍ ഗ്ലാസ് ബ്രിഡ്ജ്

.
.

77 മീറ്റര്‍ നീളം, 10 മീറ്റര്‍ വീതി, സ്ഥിതി ചെയ്യുന്നത് 133 അടി ഉയരത്തില്‍. കടലിന് കുറുകേയുള്ള രാജ്യത്തെ ആദ്യ ഗ്ലാസ് ബ്രിഡ്ജ്. തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍ 2024 ഡിസംബറില്‍ പൊതുജനങ്ങള്‍ക്കായി കന്യാകുമാരിയില്‍ തുറന്ന കണ്ണാടിപ്പാലത്തിന് വിശേഷണങ്ങള്‍ ഏറെയാണ്. കന്യാകുമാരി വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവര്‍ പ്രതിമയ്ക്കും മധ്യേയാണ് കണ്ണാടിപ്പാലം സ്ഥിതി ചെയ്യുന്നത്. മുന്‍പ് വിവേകാനന്ദ പാറയില്‍ നിന്ന് തിരുവള്ളുവരുടെ പ്രതിമയിലേക്ക് എത്താന്‍ ഫെറി സര്‍വീസിനെയാണ് സഞ്ചാരികള്‍ പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാലിപ്പോള്‍ മനോഹരമായ കടല്‍ക്കാഴ്ച്ചകള്‍ ആസ്വദിച്ച് കടലിന് മുകളിലൂടെ നടക്കുന്ന പ്രതീതിയില്‍ സഞ്ചാരികള്‍ക്ക് സുരക്ഷിതമായി തിരുവള്ളുവരുടെ പ്രതിമയിലേക്ക് എത്താം.

പ്രക്ഷുബ്ധമായ കടലും വേലിയേറ്റവും കാരണം വിവേകാനന്ദ പാറയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് പലപ്പോഴും തിരുവള്ളുവര്‍ പ്രതിമയിലേക്ക് പോകാന്‍ സാധിച്ചിരുന്നില്ല. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് തിരുവള്ളുവര്‍ പ്രതിമയിലേക്ക് എത്താന്‍ പാലം നിര്‍മ്മിക്കാന്‍ ആണ് സര്‍ക്കാര്‍ ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ വിനോദസഞ്ചാര സാധ്യതയും കൂടി കണക്കിലെടുത്ത് കണ്ണാടിപ്പാലം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കണ്ണാടിപ്പാലത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. 10 മീറ്റര്‍ വീതിയുള്ള പാലത്തില്‍ രണ്ടര മീറ്റര്‍ വീതിയിലാണ് കണ്ണാടിപ്പാത ഒരുക്കിയിരിക്കുന്നത്. പാലത്തിന്റെ ഇരുഭാഗത്തും കോണ്‍ക്രീറ്റ് ചെയ്ത് ടൈല്‍ പാകിയിട്ടുണ്ട്.

37 കോടി രൂപയാണ് തൂക്ക്പാലത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന കണ്ണാടിപ്പാലത്തിന്റെ നിര്‍മ്മാണ തുക. സംസ്ഥാന ഹൈവേ വകുപ്പിനായിരുന്നു പാലത്തിന്റെ നിര്‍മ്മാണ ചുമതല. ശക്തമായ കടല്‍ക്കാറ്റ്, ഉപ്പുവെള്ളം, മണ്ണൊലിപ്പ് എന്നിവയെ ചെറുക്കുന്ന രീതിയിലാണ് കണ്ണാടിപ്പാലത്തിന്റെ നിര്‍മ്മാണം. രാജ്യത്തിന്റെ പലഭാഗത്ത് നിന്നും വിനോദസഞ്ചാരികള്‍ കണ്ണാടിപ്പാലത്തില്‍ കയറാനും കാഴ്ച്ചകള്‍ ആസ്വദിക്കാനുമായി ഇങ്ങോട്ടേക്ക് എത്തുന്നുണ്ട്.

Content Highlights: India's first Glass Sea Bridge in Kanyakumari