വന്യജീവികളുമായി കൂട്ടുകൂടുന്ന പറമ്പിക്കുളം, സംഘർഷഭൂമിയായി ചിന്നക്കനാൽ
മനുഷ്യരുടെയും വന്യമൃഗങ്ങളുടെയും സഹജീവനം കൊണ്ട് മാതൃകയായ ഇടം -പറമ്പിക്കുളത്തെ ഒറ്റവാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. കാടിനുള്ളിലെ പത്ത് ആദിവാസി കോളനികൾ ഉൾപ്പെടെ 11 ജനവാസമേഖലകളാണ് ഇവിടെയുള്ളത്. കോളനികളിൽ കാട്ടുപന്നികൾ സ്വൈര്യവിഹാരം നടത്തുന്നത് പറമ്പിക്കുളത്തെ സാധാരണ കാഴ്ചയാണ്. മാനും മയിലും കാട്ടുപോത്തും കുരങ്ങുകളുമെല്ലാം ജനവാസമേഖലകളിൽ സ്വച്ഛന്ദം വിഹരിക്കുന്നു. ആനകളും അപൂർവമല്ല.
അരി ഉൾപ്പെടെ മനുഷ്യർ കഴിക്കുന്ന ഭക്ഷ്യവസ്തുക്കൾ തിന്നുശീലിച്ച അരിക്കൊമ്പൻ ഇങ്ങോട്ടെത്തിയാൽ തങ്ങളുടെ ആവാസവ്യവസ്ഥയുടെ തന്നെ താളംതെറ്റുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. അതുതന്നെയാണ് മിഷൻ അരിക്കൊമ്പനെതിരേ പറമ്പിക്കുളത്ത് കടുത്ത പ്രതിഷേധമുയരാനും കാരണം.
അതേസമയം, വന്യജീവികളുടെ സാന്നിധ്യം കൊണ്ട് സംഘർഷഭരിതമായ മേഖലയാണ് ചിന്നക്കനാൽ. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഏതുസമയത്തും ഇവിടെ ആനയുടെ സാന്നിധ്യമുണ്ട്. കൃഷി നശിപ്പിക്കുന്നതും വീട് തകർക്കുന്നതെമെല്ലാം നിത്യസംഭവങ്ങൾ. ആനക്കൂട്ടത്തെ നിരീക്ഷിക്കുന്ന നാട്ടുകാരെയും വനംവകുപ്പ് വാച്ചർമാരെയും പാതയോരങ്ങളിൽ കാണാം. വീടിന് സമീപമോ കൃഷിയിടത്തിലോ ആനയെത്തിയാൽ അവയെ തുരത്താനായി പടക്കം പൊട്ടിക്കുന്നതിന്റെ ശബ്ദം ഇടയ്ക്കിടെ ഈ മലമടക്കുകളിൽ പ്രതിധ്വനിക്കും. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റി തങ്ങളുടെ ദുരിതം അവർക്ക് നൽകരുതെന്നാണ് ചിന്നക്കനാലിലെ ജനങ്ങൾ പറയുന്നത്.
Content Highlights: Parambikulam, Chinnakanal, wildlife