യാത്രയെ വേറെ ലെവലിലേക്ക് ഉയർത്തും, എലിവേറ്റ്

ദീർഘദൂരയാത്രയ്ക്ക് ഇണങ്ങുന്ന വാഹനമാണ് ഹോണ്ടയുടെ എലിവേറ്റ് എസ്‌.യു.വി.യെന്ന് ഓരോ നിമിഷവും തിരിച്ചറിവ് നൽകി വേറിട്ട അനുഭവമായി വാൽപാറയാത്ര. തൃശ്ശൂരിൽനിന്ന് അതിരപ്പിള്ളി വഴിയായിരുന്നു അജിത് ടോമും സെന്തിലും നടത്തിയ യാത്ര.

അത്യാവശ്യം സുപ്പീരിയർ പൊസിഷനിൽ സീറ്റിങ്ങുള്ള വാഹനത്തിൽനിന്ന് കാഴ്ചകളെല്ലാം ആസ്വദിക്കാം. മാനുവൽ മോഡലാണെങ്കിലും ഇടയ്ക്ക് ഗിയർ മാറേണ്ടിവരുന്നില്ല. വേഗം 30 കിലോമീറ്ററിലേക്ക് താഴ്ത്താൻപോലും ആറാമത്തെ ഗിയറിലും എൻജിൻ ജെർക്കില്ല. മികച്ച ഗ്രൗണ്ട് ക്ലിയറൻസുമാണ്. വീതി കുറഞ്ഞതും വളവും തിരിവുമുള്ളതുമായ 50 കിലോമീറ്റർ പിന്നിട്ട് മഞ്ഞിന്റെയും തണുപ്പിൻ്റെയും ലോകത്തെത്തുമ്പോഴേക്കും എലിവേറ്റ് എസ്.യു.വിയുടെ ഹാൻഡിലിങ് മേന്മയും വ്യക്തമായി. ബോഡിറോൾ അനുഭവപ്പെടാനുള്ള സാധ്യതയുള്ള റോഡായിരുന്നെങ്കിലും എലിവേറ്റിന്റെ സസ്പെൻഷൻ മാജിക്കിൽ യാത്രക്കാരന് ഉലച്ചിലിന്റെ ഒരു ലാഞ്ചനപോലും ഉണ്ടായില്ല. സ്റ്റീയറിങ് ട്യൂണിങ്ങിലെ മികവുകൊണ്ട് ഡ്രൈവിങ്ങും അനായാസം. കാട്, മഴ, ആന, ആനവണ്ടി കൂടെ ഒരു എലിവേറ്റും ഇതായിരുന്നു മടക്കയാത്ര. എൽ.ഇ.ഡി. പ്രൊജക്‌ഷൻ ഹെഡ്‌ലാമ്പും ഡിഫോഗർ സംവിധാനവും കൂടിയായപ്പോൾ യാത്ര തീർത്തും ആയാസരഹിതമായി.

വാഹനത്തെക്കുറിച്ച്

ഹോണ്ട കാറുകൾക്ക് കരുത്തേകുന്ന ഐ-വിടെക് പെട്രോൾ എൻജിനാണ് എലിവേറ്റ് എസ്.യു.വി യുടെ ഹൃദയം. 1.5 ലിറ്റർ എൻജിൻ 121 ബി.എച്ച്.‌പി. പവറും 145 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവൽ, സി.വി.ടി. ഓട്ടോമാറ്റിക് എന്നീ ഗിയർബോക്സുകൾ ഈ മോഡലിൽ ട്രാൻസ്മിഷൻ ഒരുക്കുന്നുണ്ട്.

Content Highlights: Honda Elevate SUV long-distance review