മതത്തിന്റെ അതിരുകൾക്കപ്പുറം ആരാധനാലയങ്ങൾക്ക് രൂപം നൽകിയ ശിൽപി ഇനി ഓർമ

കേരളത്തിലും പുറത്തുമായി നൂറിലേറെ മുസ്ലീം പള്ളികൾക്ക് രൂപം നൽകിയ ശിൽപി... ‘മോസ്‌ക് മാൻ ഓഫ് ഇന്ത്യ’ എന്നറിയപ്പെട്ട ജി. ഗോപാലകൃഷ്ണന് നാടിന്റെ യാത്രാമൊഴി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ഇന്തോ-പേർഷ്യൻ സാർസനിക് ശൈലിയും പ്രൗഢമായ താഴികക്കുടങ്ങളും... മുഗൾ കാലഘട്ടത്തിൽ ഉത്തരേന്ത്യൻ മസ്ജിദുകളിൽ കണ്ടിരുന്ന നിർമാണശൈലി കേരളത്തിന് പരിചയപ്പെടുത്തിയവരിൽ പ്രധാനിയായിരുന്നു ഗോപാലകൃഷ്ണൻ. തിരുവനന്തപുരം പാളയം പള്ളിയിൽ നിന്നായിരുന്നു ആ യാത്രയുടെ തുടക്കം.

കെട്ടിട നിർമാണ കരാറുകാരനായിരുന്ന പിതാവ് ഗോവിന്ദന്റെ സൈറ്റുകളിൽ നിന്നാണ് ഗോപാലകൃഷ്ണൻ നിർമാണത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. പ്ലാനുകൾ നോക്കി വരച്ചും നിർമാണരീതികൾ നിരീക്ഷിച്ചും ചെറുപ്പത്തിലേ ആ മേഖലയിൽ താൽപര്യം വളർത്തി. പാളയം പള്ളിയുടെ കുബ്ബ നിർമിച്ചുകൊണ്ടായിരുന്നു ഗോപാലകൃഷ്ണന്റെ രംഗപ്രവേശം. പിന്നീട് ബീമാപള്ളി, കടുവാപള്ളി, ആലംകോട് പള്ളി, എരുമേലി ജുമുഅ മസ്ജിദ് തുടങ്ങി കേരളത്തിലെ നിരവധി ആരാധനാലയങ്ങളിൽ അദ്ദേഹത്തിന്റെ നിർമാണമികവ് പതിഞ്ഞു.

എല്ലാ മതങ്ങളേയും ഉൾക്കൊണ്ട ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്. സഹനത്തിൻ്റെ പാഠമറിയാൻ നോമ്പുനോറ്റു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നൂറാമതായി നിർമിച്ചത് കോട്ടയം ജില്ലയിലെ കോട്ടാങ്ങൽ ജമാഅത്ത് പള്ളിയായിരുന്നു.

Content Highlights: G. Gopalakrishnan, known as the “Mosque Man of India,” designed and led the construction of more than 100 mosques across Kerala and beyond, introducing Indo-Persian and Indo-Saracenic architectural elements to Kerala while also contributing to Christian churches, temples, and writing the book Njan Kanda Quran.