കോവിഡിലെ കംഫർട്ട് ഫസ്റ്റിൽനിന്ന് സുഡിയോയുടെ ഫാസ്റ്റ് ഫാഷൻ വരെ; 25 വർഷത്തിൽ മാറിമറിഞ്ഞ ഫാഷൻ ട്രെൻഡുകൾ

സെലിബ്രിട്ടികളും സിനികളുമായിരുന്നു അന്ന് നമ്മുടെ ഫാഷൻ സങ്കല്പങ്ങളെ നിയന്ത്രിച്ചിരുന്നത്. 25 വർഷങ്ങൾക്ക് മുമ്പ്. അന്ന് വമ്പൻ ബ്രാൻഡുകളായിരുന്നു ഫാഷനെ ആഘോഷിച്ചത്. ഈ നൂറ്റാണ്ടിന്റെ കാൽ ഭാഗം പിന്നിടുമ്പോൾ ഫാഷൻ രംഗം എങ്ങനെയാണ് മാറിയത്.

നമ്മളിൽ ഭൂരിപക്ഷവും ഇന്ന് ഫാഷൻ ട്രെൻഡുകൾ അറിയുന്നത് സോഷ്യൽ മീഡിയ വഴിയാണ്. വൻ ബ്രാൻഡുകൾക്ക് പിന്നാലെ പോവാതെ തന്നെ വമ്പൻ കമ്പനികളുടെ ബജറ്റ്, ലോ ബജറ്റ് ഷോറൂം ശൃംഘകൾ നമുടെ സിറ്റിയിലുണ്ട്. അതുമല്ലെങ്കിൽ നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള ഉൽപ്പന്നങ്ങൾ ഇൻസ്റ്റയിലോ മറ്റോ കണ്ടാൽ അവിടുന്നു തന്നെ വാങ്ങാം. ഓൺലൈൻ ഷോപ്പിങ്ങ് ബ്രാൻഡുകളും നിരവധി. സിനിമാ മോഡൽ രംഗത്തെ താരങ്ങളിൽ നിന്നും ഇൻഫ്ളുവൻസർമാരിലേക്കുള്ള യാത്രയാണ് ഈ കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ നമ്മൾ കണ്ടത്.

ആഡംബരലോഗോകളുടെ പ്രദർശനം മാത്രമായി ഒതുങ്ങിയ ഫാഷൻ ഇന്ന് കംഫർട്ട് ഫസ്റ്റ് എന്ന കോൺസപ്റ്റിലേക്കെത്തിയെന്നതാണ് പ്രധാനമായ മാറ്റം. ഈ മാറ്റങ്ങളൊന്നും ചെറുതല്ല. ആ ട്രാൻസ്ഫർമേഷന്റെ കഥ കേൾക്കാം.
രണ്ടായിരത്തിന്റെ തുടക്കത്തിൽ ലൗഡ് ഫാഷനോടായിരുന്നു പ്രിയം. അന്നത്തെ ഫാഷൻ ട്രെൻഡ് Y2K എന്നാണ് അറിയപ്പെടുന്നത്.
ലോ-റൈസ് ജീൻസും ക്രോപ് ടോപ്സും, കാർഡോ പാന്റ്സുമായിരുന്നു അന്നത്തെ ട്രെൻഡ്. മെറ്റാലിക് ഫാബ്രിക്സും റൈൻ സ്റ്റോൺസും അന്നത്തെ വസ്ത്രങ്ങളിൽ ഇടംപിടിച്ചു. ആക്സസറി ലിസ്റ്റിൽ വലിയ ലോഗോകളുള്ള ബാഗുകൾ കയറിക്കൂടി. മേക്കപ്പിലും ഒരുപാട് പരീക്ഷണങ്ങൾ നടന്ന കാലമായിരുന്നു അത്.

ഗൂഗിൾ ഇമേജസ് എന്ന ഫീച്ചർ തുടങ്ങാൻ കാരണം തന്നെ ഫാഷനാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. 2000-ത്തിലെ ഗ്രാമി അവാർഡ്സിൽ വെർസാച്ചിയുടെ ജംഗിൾ് പ്രിന്റഡ് ഡ്രസണിഞ്ഞായിരുന്നു അമേരിക്കൻ പോപ്പ് താരം ജെനിഫർ ലോപസെത്തിയത്. അത് ഫാഷൻ പ്രമികളുടെ കണ്ണിലുടക്കി. സെൻസേഷണൽ ടോക്കായി. നിരവധി പേർ ജെനിഫർ ലോപസിന്റെ ഡ്രസിനായി ഗൂഗിളിൽ തിരഞ്ഞു. അന്ന് ഗൂഗിളിന് ഇമേജസ് സേർച്ച് ചെയ്യാനുള്ള ഓപ്ഷനില്ലായിരുന്നു. ജെനിഫറിന്റെ ചിത്രങ്ങൾ കാണാൻ ആളുകൾ തിരക്ക് കൂട്ടിയപ്പോഴാണ് എന്തുകൊണ്ട് ഗൂഗിൾ ഇമേജസ് എന്ന ഓപ്ഷൻ തുടങ്ങിക്കൂടാ എന്ന ആശയം ഗൂഗിൾ എൻജീനിയർമാർക്ക് തോന്നുന്നതും. രണ്ടായിരത്തിലെ വൈ2കെ ഫാഷൻ ഇന്നും ട്രെൻഡിങ്ങായി ഓടിക്കൊണ്ടിരിക്കുന്നു.
രണ്ടായിരത്തിന്റെ മധ്യത്തിൽ ഫാഷൻ മറ്റൊരു തലത്തിലേക്ക് കടന്നു. ബൊഹീമിയൻ ലുക്കിന് ആരാധകരേറി. ലൂസ് ഫിറ്റായ ഒഴുകികിടക്കുന്ന ടോപ്പുകളും, ഓവർസൈസ്ഡ് ബെൽറ്റും വാഡ്രോബിൽ ഇടംപിടിച്ചു. ലേയേഡ് ജ്വല്ലറി സ്റ്റൈൽസ്റ്റേറ്റ്‌മെന്റായി. ലെതർ ജാക്കറ്റ് ഇന്നായി. മെസി ഹെയറും ഡാർക്ക് മേക്കപ്പുമായിരുന്നു ട്രെൻഡ്. ഇന്നത്തെ ഫാസ്റ്റ് ഫാഷന് തുടക്കം കുറിച്ചത് ആ കാലഘട്ടമാണ്. വസ്ത്രങ്ങൾ വിലക്കുറവിൽ ലഭിച്ചുതുടങ്ങി. വസ്ത്രങ്ങള് വാങ്ങിക്കൂട്ടുന്നത് കൂടി. കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ ട്രെൻഡുകൾ മാറിമറിഞ്ഞു.

2010-കളിലാണ് ഫാഷൻ റാമ്പുകളുടെ പരിമിതികളിൽ മാത്രമൊതുങ്ങാതെ പൊതുമധ്യത്തിലേക്കെത്തിയത്. അതിന് പങ്കുവഹിച്ചത് ഇൻസ്റ്റഗ്രാമിന്റെ വരവായിരുന്നു. ഇൻസ്റ്റഗ്രാം, ബ്ലോഗ്‌സ്, സ്ട്രീറ്റ് സ്‌റ്റൈൽ ഫോട്ടോഗ്രഫി എന്നിവയുടെ ആധിപത്യത്തോടെ ഫാഷൻ ലോകം കൂടുതൽ വികസിച്ചു. ഇൻഫ്‌ളുവൻസർമാർ രംഗത്തെത്തിയതും ഈ കാലത്താണ്. ഉപഭോക്താവ്, പ്രൊമോട്ടർ, ബ്രാൻഡ് എന്നിവ തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാക്കിക്കൊണ്ടാണ് ഇൻഫ്‌ലുവൻസർമാർ ട്രെൻഡ് സെറ്റേഴ്‌സായത്. ഡിസൈനർമാർ ഫാഷൻ വേദികളിൽ അവതരിപ്പിക്കുന്ന വസ്ത്രങ്ങളെപ്പോലെ തന്നെ, സാധാരണക്കാരുടെ വസ്ത്രങ്ങൾക്കും പ്രധാന്യം വർധിച്ചു.
ജിമ്മിലും ഓഫീസിലും ഒരുപോലെ ഉപയോഗിക്കാവുന്ന അത്ലീഷർ വസ്ത്രങ്ങൾ ഇക്കാലത്ത് പ്രചാരത്തിലായി. സ്‌കിന്നി ജീൻസും സ്ലോൺ ടി-ഷർട്ടുകളും ഇക്കാലത്തെ പ്രത്യേകതയായിരുന്നു. 2013-ലാണ് സസ്റ്റൈനബിലിറ്റിയെ കുറിച്ചുള്ള ചർച്ചകളുയർന്നു തുടങ്ങുന്നത്. അത് 2025-ൽ കൂടുതൽ ശക്തമായി.

2020-ൽ കോവിഡിനു ശേഷം ഫാഷനെ കുറിച്ചുള്ള കോൺസപ്റ്റുകളാകെ മാറിമറിഞ്ഞു. കംഫർട്ട് ഫസ്റ്റ് എന്ന മോട്ടോയിലെക്കെത്തി. ലോക്ക്ഡൗൺ കാലത്ത് ആളുകൾ ഓവര്‌സൈസ്ഡ് ടീഷര്ട്ട്‌സും സെറ്റ്വറുകളും ജോഗറുകളുമൊക്കെ ഉപയോഗിക്കാൻ തുടങ്ങിയത് പിന്നീട് വലിയ ട്രെൻഡായി. ക്വയറ്റ് ലക്ഷ്വറിയും പ്രചാരത്തിലായത് 2020 മുതൽ 25 വരെയുള്ള കാലഘട്ടത്തിലാണ്. ലോഗോകളില്ലാത്ത സിപിംളായ ബ്രാൻഡഡ് വസ്ത്രങ്ങൾക്ക് ഡിമാൻഡ് കൂടി. പഴയ വസ്ത്രങ്ങളുടെ റീസൈക്ക്‌ളിങ്ങിനും അപ്‌സൈക്ക്‌ളിങ്ങും കൂടുതൽ ചർച്ചയായി. ത്രിഫ്റ്റിങ്ങിനെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറിയതും ഈ കാലത്താണ്. കൂടുതൽ ആളുകൾ ത്രിഫ്റ്റ് സ്റ്റോറുകൾ തിരഞ്ഞെടുക്കാൻ തുടങ്ങി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്ന രീതിയും, ലിംഗഭേദമില്ലാതെ ആർക്കും ധരിക്കാവുന്ന യൂണിസെക്‌സ് വസ്ത്രങ്ങളും 2025-ലെ പ്രധാന കാഴ്ചകളാണ്. ഇന്ത്യയിൽ കഴിഞ്ഞ 25 വർഷത്തിൽ സംഭവിച്ച പ്രധാനമാറ്റം ഫാസ്റ്റ് ഫാഷന്റെ വളർചയാണ്. പത്ത് വർഷത്തിനുള്ളിൽ 50 ബില്യൺ ഡോളർ ബിസിനസിലേക്കാണ് ഫാസ്റ്റ് ഫാഷൻ കുതിച്ചത്.
1990കളുടെ അവസാനം വരെ വസ്ത്രങ്ങൾ വാങ്ങുന്നത് ഉത്സവങ്ങൾക്കും വിവാഹങ്ങൾക്കുമായിരുന്നു. 1997-ൽ പാന്തലൂൺസിന്റെ വരവോടെ കാര്യങ്ങൾ മാറിമറിഞ്ഞു. 1998-ൽ വെസ്റ്റ് സൈഡുമെത്തിയതോടെ വരവോടെ 'ബ്രാൻഡഡ്' വസ്ത്രങ്ങൾ സാധാരണക്കാർക്ക് പ്രാപ്യമായി.
2010കളിൽ മാക്‌സ്, റിലയൻസ് ട്രെൻഡ്‌സ് എന്നിവയും, പിന്നീട് വന്ന സുഡിയോയും ഫാഷനെ ഒരു നിത്യോപയോഗ വസ്തുവാക്കി മാറ്റി. ഇതോടെ തയ്യൽക്കാരെ ആശ്രയിക്കുന്നത് കുറയുകയും റെഡിമെയ്ഡ് വസ്ത്രങ്ങൾ വ്യാപകമാവുകയും ചെയ്തു. ഫാസ്റ്റ് ഫാഷനിൽ വിപ്ലവം സൃഷ്ടിച്ചത് സുഡിയോയാണ്. ഒരു പരസ്യം പോലുമില്ലാതെ യൂത്തിനെ കൈയിലെടുക്കാൻ സുഡിയോക്കായി.
ഒരു കണക്കിന് ഫാഷൻ മാറിയിട്ടില്ല-അത് കൈവശമുള്ളവരാണ് മാറിയത്. ഡിസൈനർമാരിൽ നിന്ന് ഉപഭോക്താക്കളിലേക്ക്
റാംപുകളിൽ നിന്ന് റീൽസിലേക്കു തുന്നൽക്കാരനിൽ നിന്ന് സുഡിയോ വരെ.

Content Highlights: Over the last 25 years, fashion has evolved from celebrity-driven luxury to influencer-led, comfort-first, and fast-fashion culture.