നിസാരക്കാരല്ല മട്ടുപ്പാവിലെ ഈ 'കുഞ്ഞന്മാർ'; മനംനിറയ്ക്കും ബോൺസായ് കൂട്ടം
ഒരു മട്ടുപ്പാവ് നിറയെ പല രൂപത്തിലും ഭാവത്തിലും കുറെ 'കുഞ്ഞന്മാർ'. പുളിയും പേരാലും ആപ്പിളും എല്ലാം ചെറിയ ചട്ടിയിൽ ചെത്തിമിനുക്കി നിൽക്കുന്ന മനോഹരമായ കാഴ്ചയാണ് തിരുവനന്തപുരം വഴുതക്കാട് സ്വദേശി ഡോളി ജോസഫിന്റെ വീട്ടിലെത്തിയാൽ കാണാൻ കഴിയുന്നത്. 77-ാം വയസ്സിലും തളരാത്ത ആവേശത്തോടെ തന്റെ ബോൺസായ് ലോകത്തെ പരിപാലിക്കുകയാണ് ഡോളി.
തന്റെ ബോൺസായ് കമ്പത്തിന് പിന്നിൽ ഡോളിക്ക് ഒരു കഥ പറയാനുണ്ട്. ഭർത്താവിന്റെ മരണശേഷം, മക്കളെല്ലാം ജോലിക്കായി പോയപ്പോൾ അനുഭവപ്പെട്ട ഒറ്റപ്പെടലിൽ നിന്നാണ് ഈ പച്ചപ്പിലേക്കുള്ള യാത്ര തുടങ്ങുന്നത്. മക്കളെല്ലാം ജോലിത്തിരക്കുകളിലായപ്പോൾ ഡോളിക്ക് ആശ്വാസവും കൂട്ടും നൽകിയത് ഈ കുഞ്ഞൻ മരങ്ങളായിരുന്നു. ഇന്ന് വിദേശികളടക്കം ആയിരത്തിലധികം ചെടികളാണ് ഈ മട്ടുപ്പാവിനെ മനോഹരമാക്കുന്നത്.
20 മുതൽ 30 വർഷം വരെ പഴക്കമുള്ള ബ്ലൂ ബ്രെയ, വൈറ്റ് ബ്രെയ തുടങ്ങിയ ഇനങ്ങൾ മുതൽ കൂറ്റൻ ആൽമരങ്ങൾ വരെ ഡോളിയുടെ ശേഖരത്തിലുണ്ട്. മട്ടുപ്പാവിലെ ചെടിച്ചട്ടികളിൽ വാളൻപുളികൾ പോലും കായ്ച്ചുനിൽക്കുന്നത് കാണികളെ അതിശയിപ്പിക്കുന്നു. ബോൺസായ്ക്ക് പുറമെ മറ്റെങ്ങും കാണാത്ത തരം ആന്തൂറിയം, റോസ, ബോഗെയ്ൻവില്ല എന്നിവയുടെ വിപുലമായ ശേഖരവും ഇവിടെയുണ്ട്. ഈ മനോഹരമായ കാഴ്ച കാണാനും ബോൺസായ് നിർമ്മാണം പഠിക്കാനുമായി നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്.
ഈ ഹോബി കേവലം കൗതുകം മാത്രമല്ല, ലക്ഷക്കണക്കിന് രൂപ മൂല്യമുള്ള ഒന്നുകൂടിയാണ്. 25 വർഷം പഴക്കമുള്ള ഒരു ബോൺസായ് മരം വിറ്റാൽ ഏകദേശം 50,000 രൂപ വരെ ലഭിക്കും. അത്തരത്തിൽ വിലമതിക്കാനാവാത്ത മരങ്ങളാണ് ഈ മട്ടുപ്പാവിൽ നിരന്നുനിൽക്കുന്നത്.
ചെടികളോടുള്ള താത്പര്യം പോലെ തന്നെ യാത്രകളെയും ഡോളി ഏറെ സ്നേഹിക്കുന്നു. യു.കെ, ചൈന, തായ്‌ലൻഡ്, കാനഡ, മലേഷ്യ തുടങ്ങി വിവിധ രാജ്യങ്ങൾ ഇതിനോടകം ഡോളി സന്ദർശിച്ചിട്ടുണ്ട്. ഈ യാത്രകളിൽ നിന്നുള്ള അനുഭവങ്ങളും തന്റെ ഉദ്യാനത്തിൽ പ്രതിഫലിക്കുന്നുണ്ട്.