Video | പ്രായത്തിനും തോൽപ്പിക്കാനാവാത്ത ചുവടുകൾ, മകൾക്കൊപ്പം നടനമാടി ശ്രീ പാർവതി
പ്രായം മുപ്പതുകളിലേക്ക് എത്തുമ്പോഴേക്കും നടുവേദനയെന്നും മുട്ടുവേദനയെന്നും പരിതപിക്കുന്നവർ പ്ലീസ് സ്റ്റെപ്പ് ബാക്ക്. കൊച്ചി തേവര സ്വദേശിനി ശ്രീപാർവതിക്ക് പ്രായം എഴുപതാണ്. എന്നാൽ പ്രായത്തിനും തോൽപ്പിക്കാനാവാത്ത ആവേശത്തിൽ മകൾ ഇന്ദുവിനൊപ്പം നൃത്ത വേദികൾ കീഴടക്കുകയാണ് അവർ. ഈയടുത്ത് കൊച്ചി ചങ്ങമ്പുഴ പാര്‍ക്കില്‍ ഇടപ്പള്ളി നൃത്താസ്വാദക സദസിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മകള്‍ക്കൊപ്പം ഒന്നര മണിക്കൂറാണ് ശ്രീപാര്‍വതി മോഹിനിയാട്ടത്തിന് ചുവടുവച്ചത്.
പാലക്കാട് എലപ്പുള്ളി വേങ്ങോടി സ്വദേശിയായ ശ്രീപാർവതി 21-ാം വയസ്സിൽ വിവാഹം കഴിഞ്ഞ് കുടുംബത്തിരക്കുകളേറിയതോടെയാണ് അരങ്ങുവിട്ടത്. മക്കളുണ്ടായതോടെ ജീവിതം അവർക്ക് വേണ്ടിയുള്ളതായി. അവരുടെ വളർച്ചയിലും ഉയർച്ചയിലും സന്തോഷം കണ്ടെത്തിയ ശ്രീപാർവതിയുടെ ഉള്ളിൽ വീണ്ടും നൃത്തമെന്ന മോഹത്തിന് ചിറകുമുളച്ചത് മകൾ ഇന്ദുവിന്റെ നൃത്തപഠനത്തോടെയാണ്.കുട്ടിക്കാലത്ത് തൃശ്ശൂർ നടനനികേതനം കലാലയത്തിൽ അശമന്നൂർ ബാലകൃഷ്ണക്കുറുപ്പിന്റെ കീഴിലായിരുന്നു ശ്രീപാർവതി കഥകളി പഠിച്ചത്. വേങ്ങൂർ രാമകൃഷ്ണൻ, കലാമണ്ഡലം പദ്‌മനാഭൻ എന്നിവരുടെ കീഴിലും പഠിച്ചു. കലാമണ്ഡലം കല്യാണിക്കുട്ടി അമ്മയുടെ മകൾ ശ്രീദേവി രാജന്റെയും മകൾ സന്ധ്യാരാജന്റെയും കീഴിലാണ് ഇപ്പോൾ മോഹിനിയാട്ടം പഠനം നടത്തുന്നത്.
മകൾ ഇന്ദു എറണാകുളം ഇൻഫോപാർക്കിൽ ഇന്റലി ഫ്ലോയിൽ മാനേജരാണ്. മകൻ അർജുൻ ജപ്പാനിൽ ഷിപ്പ് ബിൽഡറും. മക്കൾക്കൊപ്പം മരുമക്കളായ മൻജുനും അഞ്ജനയും പ്രോത്സാഹനമേകി ഒപ്പമുണ്ട്. ശ്രീപാർവതിയുടെ ഭർത്താവ് ടി.ജി. ജേക്കബ് ദുബായിയിൽ മെക്കാനിക്കൽ എൻജിനിയറായിരുന്നു. മൂന്നുവർഷം മുൻപാണ് മരിച്ചത്.