തലച്ചോറിൽ നുഴഞ്ഞുകയറും, 'സോംബി'കളാക്കും; ചിലന്തികളെ ബാധിക്കുന്ന ഫംഗസിനെ കണ്ടെത്തി

വികൃതമായ രൂപമുള്ള, ചിന്താശേഷിയില്ലാത്ത, കണ്മുന്നിൽപ്പെടുന്നവരെയെല്ലാം ആക്രമിക്കാനോടിക്കുന്ന സോംബികളെ നമ്മൾ സിനിമകളിലും വെബ്സീരീസുകളിലുമെല്ലാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ജീവികളുടെ തലച്ചോറിൽ നുഴഞ്ഞുകയറി അവരെ സോംബികളാക്കിമാറ്റുന്ന ഫംഗസിനെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. പേടിക്കണ്ട, മനുഷ്യരിലല്ല. അയർലൻഡിലെ ഗുഹകളിൽ കാണപ്പെടുന്ന ചില ചിലന്തികളെയാണ് ഈ ഫംഗസ് ബാധിക്കുന്നത്.
ബി.ബി.സി.യുടെ വിന്റർവാച്ച് എന്ന പരിപാടിയുടെ ഷൂട്ടിങ്ങിനിടെ 2021-ലാണ് ഈ ‘സോംബി ചിലന്തികളെ’ ആദ്യമായി കണ്ടെത്തുന്നത്. ജിബെല്ലുലാ അറ്റൻബെറോഗി (Gibellula attenboroughii) എന്ന ഈ ഫംഗസ് തലച്ചോറിലെ ഡോപ്പമിൻ എന്ന ഹോർമോൺ ഉത്‌പാദനത്തെ ബാധിക്കുന്നു. ഇതോടെ ഫംഗസിനു വേണ്ടരീതിയിൽ പ്രവർത്തിക്കാൻ തയ്യാറാകുന്ന ചിലന്തികൾ സുരക്ഷിതമായ വലവിട്ട് ഗുഹയുടെ ഭിത്തികളിലേക്കും മേൽക്കൂരയിലേക്കും ഇറങ്ങിവന്നശേഷം അവിടെവെച്ച് ജീവൻ വെടിയുന്നു.
ഇതോടെ ഫംഗസിന്റെ വിത്തുകൾ(spores) കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുകയും കൂടുതൽ സോംബി ചിലന്തികൾ ഉണ്ടാകുകയും ചെയ്യുന്നു. സെന്റർ ഫോർ അഗ്രികൾച്ചർ ആൻഡ് ബയോസയൻസസ് ഇന്റർനാഷണൽ (CABI), ഡെൻമാർക്കിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ക്യൂവിലെ റോയൽ ബൊട്ടാണിക് ഗാർഡൻസ് എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ ഇനത്തിന്റെ ഡിഎൻഎയും രൂപഘടനയും പഠിച്ചത്.ഫംഗൽ സിസ്റ്റമാറ്റിക്സ് ആൻഡ് എവല്യൂഷൻ എന്ന ജേണലിൽ ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബ്രസീലിലെ നിത്യഹരിതവനങ്ങളിലെ ഉറുമ്പുകളെ ഇത്തരത്തിൽ ബാധിക്കുന്ന ഒരുതരം ഫംഗസിനെ മുൻപും കണ്ടെത്തിയിട്ടുണ്ട്.