2000 അല്ല പിഴ 250 ആകും; പുകപരിശോധനാ സർട്ടിഫിക്കറ്റ് ഏഴുദിവസത്തിനകം ഹാജരാക്കിയാൽ മതി

വാഹന പുകപരിശോധനാ സർട്ടിഫിക്കറ്റ് കൈവശമില്ലാത്തതിന് 2000 രൂപ പിഴ കൊടുക്കേണ്ടി വന്നാലും പേടിക്കേണ്ട, പിഴ ചുമത്തി ഏഴുദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ 2000 രൂപ പിഴ 250 രൂപയായി കുറയ്ക്കാം.  പിഴ ചുമത്തിയ ഉദ്യോഗസ്ഥർക്ക് മുൻപാകെയാണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. കേന്ദ്ര മോട്ടോർവാഹനനിയമത്തിലാണ് ഈ വ്യവസ്ഥയുള്ളത്. നിലവിൽ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഏഴുദിവസത്തിനുള്ളിൽ പരിശോധന നടത്തി ഹാജരാക്കിയാലും മതി. പുകപരിശോധന ഓൺലൈനായതിനാൽ സർട്ടിഫിക്കറ്റ് ‘വാഹൻ’ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യപ്പെടും. ഇതിനുശേഷം ഉദ്യോഗസ്ഥരെ സമീപിച്ച് പിഴ കുറയ്ക്കാൻ ആവശ്യപ്പെടാം. ഏഴുദിവസത്തിനുള്ളിലും പുക പരിശോധനാ സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ 2000 രൂപ തന്നെ പിഴ നൽകേണ്ടിവരും.

മലിനീകരണവ്യവസ്ഥകൾ പാലിക്കാത്ത വാഹനം നിരത്തിലിറക്കിയാൽ പിഴ ചുമത്താൻ മാത്രമല്ല, രജിസ്‌ട്രേഷൻ റദ്ദാക്കാനും വ്യവസ്ഥയുണ്ട്. എന്നാൽ, ഇതിന് പകരം പിഴ ചുമത്തി കേസ് അവസാനിപ്പിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. ട്രാൻസ്പോർട്ട് വാഹനങ്ങളാണെങ്കിൽ പെർമിറ്റ് റദ്ദാക്കാനും കേന്ദ്ര മോട്ടോർ വാഹനനിയമത്തിലെ സെക്‌ഷനിൽ വ്യവസ്ഥയുണ്ട്.

Content Highlights: Vehicle Pollution Certificate Fine Reduction