തീയണയ്ക്കാന്‍ പറന്നെത്തും, ശക്തിയേറിയ ജലപീരങ്കി; ലോകത്തെ ആദ്യ ജെറ്റ് പവേര്‍ഡ് അഗ്നിശമന ഡ്രോണ്‍
ഒരു തീപ്പിടിത്തമുണ്ടായാല്‍ അതും അഗ്നിശമനസേനയ്ക്ക് പെട്ടെന്നൊന്നും എത്തിപ്പെടാനാകാത്ത ഇടത്താണെങ്കില്‍ അവിടേക്ക് ഒരു ഡ്രോണ്‍ പറന്നെത്തി ആ തീയണച്ചാല്‍ എങ്ങനെയിരിക്കും? എത്ര നടക്കാത്ത സ്വപ്നമെന്നൊന്നും പറയാന്‍ വരട്ടെ. വേഗത്തില്‍ തീയണയ്ക്കാന്‍ ലോകത്തിലെ ആദ്യ ജെറ്റ് പവേര്‍ഡ് അഗ്നിശമന ഡ്രോണ്‍ പുറത്തിറക്കിയിരിക്കുകയാണ് യുഎഇ. ഡ്രോണിന്റെ പേര് സുഹൈല്‍.
ജപ്പാനിലെ ഒസാക്കയില്നടന്ന എക്സ്പോ 2025-ലെ യുഎഇ പവിലിയനിലാണ് സുഹൈല്‍ ഡ്രോണ്‍ അവതരിപ്പിച്ചത്. അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി, യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ ഫസ്റ്റ് ബില്‍ഡിങ് സര്‍വ്വീസസ് കമ്പനിയുമായി ചേര്‍ന്നാണ് ഇത്തരമൊരു ഡ്രോണ്‍ വികസിപ്പിച്ചത്.