21-ാം വയസ്സിൽ ചെന്നൈയിൽ നിന്ന് യുഎസിലേക്ക്, തുടക്കം മൈക്രോസോഫ്റ്റിൽ; ആരാണ് ട്രംപിന്റെ എഐ അഡ്വൈസർ?
ട്രംപിന്റെ എഐ അഡ്വൈസർ സ്ഥാനത്തേക്ക് ഒരു ഇന്ത്യക്കാരനെത്തുകയാണ്. ഇന്ത്യൻ-അമേരിക്കൻ സംരംഭകനും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുമായ ശ്രീറാം കൃഷ്ണൻ. നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സീനിയർ വൈറ്റ് ഹൗസ് പോളിസി അഡ്വൈസറായി അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. സർക്കാർ മേഖലകളിലുടനീളം എഐ നയം രൂപപ്പെടുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുക, എഐയിൽ അമേരിക്കൻ നേതൃത്വം ഉറപ്പാക്കുക, ശാസ്ത്ര സാങ്കേതിക വിദ്യ സംബന്ധിച്ച പ്രസിഡന്റിന്റെ കൗൺസിൽ ഓഫ് അഡ്വൈസേഴ്സുമായി ചേർന്ന് പ്രവർത്തിക്കുക എന്നിവയാണ് ശ്രീറാം കൃഷ്ണന്റെ ചുമതലകൾ.
ചെന്നൈയിൽ ജനിച്ച ശ്രീരാം കൃഷ്ണൻ കാഞ്ചീപുരത്തെ കാട്ടാൻകുളത്തൂരിലുള്ള എസ്ആർഎം എഞ്ചിനീയറിംഗ് കോളേജിൽ നിന്നാണ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബിടെക് പൂർത്തിയാക്കുന്നത്. പിന്നീട് 2005-ൽ തന്റെ 21-ാം വയസ്സിൽ അദ്ദേഹം യു.എസിലേക്ക് താമസം മാറി. അച്ഛൻ ഇൻഷുറൻസിലാണ് ജോലി ചെയ്തിരുന്നത്. അമ്മ വീട്ടമ്മയായിരുന്നു.