ടെലഗ്രാമിന് ഇന്ത്യയില്‍ പൂട്ട് വീഴുമോ? ആശങ്കയില്‍ ഓണ്‍ലൈന്‍ ലോകം
മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം ഇന്ത്യയില്‍ നിരോധിച്ചേക്കുമോ? കോടിക്കണക്കിന് വരുന്ന ടെലഗ്രാം ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തുന്ന ചോദ്യം. ടെലഗ്രാം സഹസ്ഥാപകനും സി.ഇ.ഒയുമായ പാവേല്‍ ദുറോവ് ഓഗസ്റ്റ് 24ന് പാരീസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ടെലഗ്രാമിന്റെ ഭാവി സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നുതുടങ്ങിയത്.
ടെലഗ്രാം ആപ്പില്‍ കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നതായിരുന്നു ദുറോവിനെതിരായ പ്രധാന ആരോപണം. ചൈല്‍ഡ് പോണോഗ്രഫി, മയക്കുമരുന്ന് കച്ചവടം, പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ടെലഗ്രാം വേദിയാവുന്നുവെന്നും അത് തടയാനുള്ള ആവശ്യത്തോട് ദുറോവ് സഹകരിക്കുന്നില്ല എന്നതുമായിരുന്നു അറസ്റ്റിനുകാരണം. നാലുദിവസം നീണ്ട ചോദ്യം ചെയ്യലിനുശേഷം ഓഗസ്റ്റ് 28-നു രാത്രി അദ്ദേഹത്തിനുമേല്‍ പ്രാഥമിക കുറ്റം ചുമത്തി, 50 ലക്ഷം യൂറോയുടെ ജാമ്യത്തില്‍വിട്ടു. ഫ്രാന്‍സ് വിടാന്‍ പാടില്ല, രണ്ടാഴ്ചകൂടുമ്പോള്‍ സ്റ്റേഷനില്‍ ഹാജരാകണം എന്നീ നിബന്ധനകളോടെയായിരുന്നു ജാമ്യം.