രാത്രി 12 മുതൽ പുലർച്ചെ 5 വരെ ലോഗിൻ പാടില്ല; ഓൺലൈൻ ഗെയിമുകൾക്കുള്ള നിയന്ത്രണം ശരിവെച്ച് കോടതി

ഓണ്‍ലൈന്‍ ഗെയിമിങ്ങിലൂടെ പണം നഷ്ടപ്പെടുന്നവരുടെ വാര്‍ത്തകള്‍ ഒരുപാട് നമ്മള്‍ കേട്ടിട്ടുണ്ട്. ഓണ്‍ലൈന്‍ റമ്മി പോലെയുള്ള  പണം വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ വരുത്തിവെച്ച സാമ്പത്തികബാധ്യത കാരണം ആത്മഹത്യ ചെയ്തവരുമുണ്ട്. ഇപ്പോഴിതാ ഓണ്‍ലൈന്‍ ഗെയിം കമ്പനികള്‍ക്ക് തമിഴ്‌നാട്ടില്‍ കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ ഗെയിമുകളെ നിയന്ത്രിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം മദ്രാസ് ഹൈക്കോടതി ശരിവെച്ചു. രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ 5 വരെയുള്ള സമയം പണം വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകളില്‍ ലോഗിന്‍ ചെയ്യാന്‍ അനുവദിക്കില്ല. കൂടാതെ പണംവെച്ചുള്ള ഗെയിമുകളില് ആധാര്‍ അടിസ്ഥാനമാക്കിയുള്ള പ്രാരംഭഘട്ട കെവൈസി ലോഗിനും ആധാറുമായി ലിങ്ക് ചെയ്ത നമ്പറില്‍ നിന്നുള്ള ഒടിപി ലോഗിനും നിര്‍ബന്ധമാക്കും.

എന്നാല്‍ ഈ നിയമം ഏകപക്ഷീയവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു ഗെയിമിംഗ് കമ്പനികളുടെ ആവശ്യം. ഗെയിം കളിച്ച് ജീവിതം നശിപ്പിക്കണോ എന്നത് ഗെയിമര്‍മാരുടെ വ്യക്തിപരമായ തീരുമാനമാണെന്നും അതില്‍ സര്‍ക്കാര്‍ രക്ഷിതാവിന്റെ റോള്‍ ഏറ്റെടുക്കണ്ട എന്നുമായിരുന്നു കമ്പനികളുടെ വാദം. എന്നാല്‍ പൊതുജനാരോഗ്യം സര്‍ക്കാരിന് കണക്കിലെടുക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. പൗരന്മാരുടെ ആരോഗ്യവും ക്ഷേമവും കണക്കിലെടുത്ത് ഒരുപടി മുന്നില്‍ നിന്നുകൊണ്ടുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തിയതെന്നും ഇത് ന്യായമായ നിയന്ത്രണങ്ങളാണെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യതയ്ക്കുള്ള അവകാശങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഗെയിമിങ് കമ്പനികളുടെ വാദങ്ങള്‍ കോടതി പരിഗണിച്ചില്ല. ഗെയിമിങ് കമ്പനികളും ഗെയിമര്‍മാരും നല്‍കിയ ഹര്‍ജി ജസ്റ്റിസ് എസ്എം സുബ്രമണ്യം, ജസ്റ്റിസ് കെ. രാജശേഖര്‍ എന്നിവരുടെ ബെഞ്ചാണ് തള്ളിയത്.

In Short: The Madras High Court has upheld the Tamil Nadu government's law regulating online money games, such as rummy. The ruling enforces time-based login restrictions (12 AM to 5 AM) and strict KYC measures using Aadhaar. While gaming companies argued that the law violates constitutional rights and personal freedom, the court emphasized the state's duty to protect public health and welfare. The decision comes amid growing concerns over the socio-economic impact of such games, including instances of suicide and debt.

Content Highlights: Tamil Nadu online gaming ban