ഗര്‍ഭകാലത്തെ ശാരീരികമാറ്റങ്ങള്‍ തിരിച്ചറിയാന്‍ സ്മാര്‍ട്ട്‌വാച്ചുകള്‍; പുതിയ കണ്ടെത്തലുമായി ഗവേഷകര്‍
ധാരാളം ശാരീരിക മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ് ഗര്‍ഭകാലം. ഗര്‍ഭകാലത്തെ ഇത്തരം ശാരീരിക മാറ്റങ്ങളോ വ്യതിയാനങ്ങളോ എളുപ്പം ഡിറ്റക്ട് ചെയ്യാന്‍ സ്മാര്‍ട്ട് വാച്ചുകളും ഫിറ്റ്നസ് ട്രാക്കറുകളും ഏറെ സഹായകമാകുമെന്ന് പറയുകയാണ് പുതിയപഠനങ്ങള്‍.
ആപ്പിള്‍ വാച്ച്, ഗാര്‍മിന്‍, ഫിറ്റ്ബിറ്റ് തുടങ്ങി നോര്‍മലായി നമ്മളുപയോഗിക്കുന്ന വെയറബളുകള്‍ക്ക് ഹൃദയമിടിപ്പ് പോലുള്ള ശാരീരിക പാറ്റേണുകള്‍ ട്രാക്ക് ചെയ്തുകൊണ്ട് ഗര്‍ഭകാലത്തെ ആരോഗ്യ മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുമെന്നാണ് സ്‌ക്രിപ്‌സ് റിസര്‍ച്ചിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഗര്‍ഭകാലത്ത് അമ്മയുടെ ശരീരത്തിലുണ്ടാകുന്ന ശാരീരിക മാറ്റങ്ങളും ഈസ്ട്രജന്‍, പൊജസ്‌ട്രോണ്‍ അടക്കമുള്ള ഹോര്‍മോണുകളുടെ വ്യതിയാനങ്ങളും, ഹൃദയമിടിപ്പും നിരീക്ഷിച്ചാണ് സ്മാര്‍ട്ട് ഡിവൈസുകള്‍ അലേര്‍ട്ട് നല്‍കുക.
ഗര്‍ഭധാരണത്തിന് മൂന്ന് മാസം മുമ്പ് ആരംഭിച്ച് പ്രസവശേഷം ആറ് മാസം വരെ 108 അമ്മമാരെ നിരീക്ഷിച്ച് നടത്തിയ പഠനത്തിലാണ് വെയറബിള്‍ ഡിവൈസുകള്‍ ആരോഗ്യാവസ്ഥ നിരീക്ഷിക്കുന്നതില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയത്. ഗര്‍ഭകാലത്തെ ഓരോ പിരിയഡുകളിലും ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ വിലയിരുത്തി ഒരു പാറ്റേണുണ്ടാക്കി. ഈ പാറ്റേണുകളില്‍ വരുന്ന വ്യതിയാനമാണ് നിരന്തരം നിരീക്ഷിക്കപ്പെട്ടത്. ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് ഈ ഹോര്‍മോണുകളിലെ മാറ്റങ്ങള്‍ നിര്‍ണായകമാണ്. മാതൃപരിചരണ സൗകര്യങ്ങള്‍ പരിമിതമായ പ്രദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് ഏറെ സഹായകമാകുന്നതാണ് കണ്ടെത്തല്‍