കുട്ടികളുടെ മാർക്കും ഹാജരുമെല്ലാം ആപ്പ് വഴി അറിയാം; 'സമ്പൂർണ പ്ലസ്' ഉപയോഗിക്കാം ഇങ്ങനെ
സ്വന്തം മകൾക്കോ മകനോ പരീക്ഷയിൽ എത്ര മാർക്ക് കിട്ടി, എത്ര ഹാജറുണ്ട് തുടങ്ങി ക്ലാസ്‌മുറിയിലെയും സ്കൂളിലെയും വിശേഷങ്ങൾ അറിയാൻ ഇനി സ്കൂൾ വരെ പോകേണ്ട. ഇതെല്ലാം ഇനി രക്ഷിതാക്കളുടെ വിരൽത്തുമ്പിലെത്തും. ഇത്തരം വിവരങ്ങൾ തത്സമയമറിയാൻ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ആപ്പ് തയ്യാറായിട്ടുണ്ട്. സ്‌കൂളുകൾക്കായി കൈറ്റ് സജ്ജമാക്കിയ 'സമ്പൂർണ പ്ലസ്' മൊബൈൽ ആപ്പിലാണ് ഈ സൗകര്യം.
ഹാജരും പഠനവിവരങ്ങളും, സ്‌കൂൾ ബസിന്റെ സമയം, പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ, കുട്ടികളുടെ പഠന പുരോഗതി, പ്രോഗ്രസ് റിപ്പോർട്ട്‍ എന്നീ വിവരങ്ങളാണ് ആപ്പിൽ ലഭിക്കുക. ഇതുകൂടാതെ ക്ലാസ് ടീച്ചർക്കും രക്ഷിതാവിനും കുട്ടിയെക്കുറിച്ച് സന്ദേശംവഴി ആശയവിനിമയവും നടത്താം
ഇനി ആപ്പ് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് നോക്കാം.
പ്ലേ സ്റ്റോറിൽ 'Sampoorna Plus' എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ഡൗൺ ലോഡ് ചെയ്യണം. ആദ്യമായി ഉപയോഗിക്കുന്നവർ കുട്ടിയെ സ്കൂളിൽ ചേർത്തപ്പോൾ നൽകിയ ഫോൺനമ്പർ നൽകണം. മൊബൈൽ നമ്പർ കൃത്യമായി സമ്പൂർണയിൽ ഉൾപ്പെടുത്തുന്നതിന് കുട്ടി പഠിക്കുന്ന സ്‌കൂളുമായി ബന്ധപ്പെടാം. ഈ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ലോഗിൻ ചെയ്യുമ്പോൾ ആ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള കുട്ടികളുടെ പ്രൊഫൈലുകൾമാത്രം രക്ഷിതാവിന് ലഭിക്കും. പ്രൊഫൈലിൽ സ്കൂളിൽനിന്ന് അയക്കുന്ന മെസേജുകൾ, ഹാജർ, മാർക്ക് ലിസ്റ്റ് എന്നിവ കാണാം.