രേഖയില്ലാതെ ആധാർ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാം; അറിയാം നവംബർ ഒന്ന് മുതലുള്ള മാറ്റങ്ങൾ


നവംബർ മാസം തുടങ്ങാനിരിക്കേ നവംബർ ഒന്നുമുതൽ നിലവിൽ വരുന്ന മാറ്റങ്ങളൊന്ന് നോക്കിയാലോ... ആധാർ അപ്‌ഡേറ്റഷനിലാണ് പ്രധാനമാറ്റം. ഒരു രേഖയും അപ്‌ലോഡ് ചെയ്യാതെ തന്നെ ആധാർ ഉടമകൾക്ക് അവരുടെ പേര്, വിലാസം, ജനനത്തീയതി, മൊബൈൽ നമ്പർ എന്നിവ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. വിരലടയാളം, ഐറിസ് സ്കാൻ തുടങ്ങിയ ബയോമെട്രിക് അപ്‌ഡേറ്റുകൾക്കായി മാത്രമേ അക്ഷയകേന്ദ്രങ്ങളിൽ പോകേണ്ടിവരൂ. അപ്‌ഡേറ്റുകൾക്കുള്ള സേവന നിരക്കിലും മാറ്റമുണ്ട്. പേര്, വിലാസം, ജനനത്തീയതി അല്ലെങ്കിൽ മൊബൈൽ നമ്പർ എന്നിവയിലെ അപ്‌ഡേറ്റുകൾക്ക് 75 രൂപയും ബയോമെട്രിക് മാറ്റങ്ങൾക്ക് 125 രൂപയും ഇനി ചിലവാകും.

ബാങ്കിംഗ് മേഖലയിലും ചില മാറ്റങ്ങളുണ്ട്. 2025 ലെ ബാങ്കിംഗ് നിയമ (ഭേദഗതി) നിയമത്തിലെ പ്രധാന വകുപ്പുകൾ നവംബർ 1 മുതലാണ് പ്രാബല്യത്തിൽ വരിക. ഇത്പ്രകാരം ബാങ്ക് അക്കൗണ്ടുകൾ, ലോക്കറുകൾ എന്നിവയ്ക്കായി നാല് നോമിനികളെ വരെ ബാങ്കുകൾ അനുവദിക്കും. അടിയന്തര സാഹചര്യങ്ങളില്‍ നിയമപരമായ അവകാശികൾക്ക് ഇതുവഴി കൂടുതൽ എളുപ്പത്തിൽ ഫണ്ട് ക്ലെയിം ചെയ്യാം. അതുപോലെ നാമനിർദ്ദേശ പ്രക്രിയയും ബാങ്കുകൾ ലളിതമാക്കും. ഇതോടെ ഒത്തുതീർപ്പുകളിലെ തർക്കങ്ങൾക്കും കാലതാമസത്തിനുമുള്ള സാധ്യത കുറയും.

പെൻഷൻ പേയ്‌മെന്റ് തടസ്സങ്ങൾ ഒഴിവാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാർ പെൻഷൻകാർ നവംബർ 1 നും നവംബർ 30 നും ഇടയിൽ അവരുടെ വാർഷിക ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്. ദേശീയ പെൻഷൻ സംവിധാനത്തിൽ (എൻ‌പി‌എസ്) നിന്ന് ഏകീകൃത പെൻഷൻ പദ്ധതിയിലേക്ക് (യു‌പി‌എസ്) മാറുന്നതിനുള്ള അവസാന തീയതി 2025 നവംബർ 30 വരെ നീട്ടിയിട്ടുണ്ട്.

നവംബര്‍ ഒന്നുമുതല്‍ ബിസിനസുകള്‍ക്ക് കൂടുതല്‍ ലളിതമായ രീതിയിലുള്ള പുതിയ ജിഎസ്ടി രജിസ്ട്രേഷൻ സംവിധാനം തുടങ്ങും. മുമ്പത്തെ നാല് സ്ലാബ് സമ്പ്രദായത്തിന് പകരമായി ഇനി ഇന്ത്യയിൽ രണ്ട് പ്രധാന ജിഎസ്ടി സ്ലാബുകൾ മാത്രമേ ഉണ്ടാകൂ - 5% ഉം 18% വും. പുകയില ഉത്പന്നങ്ങൾ, ബീവറേജ്, ലക്ഷ്വറി ഉത്പന്നങ്ങൾ എന്നിവയ്ക്ക് 40% ജിഎസ്ടി നിരക്ക് ബാധകമാകും.

Content Highlights: Know the key changes from November 1st: Aadhaar updates made easy, new banking rules, GST slab adjustments, and pension deadlines