അംഗീകൃതമല്ലാത്ത യൂസ്ഡ്കാര്‍ ഷോറൂമില്‍നിന്ന് വാഹനം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്...

കേരളത്തിലെ യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹന വകുപ്പ്. മാര്‍ച്ച് 31 മുതല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനൊപ്പം ഇത്തരം ഷോറൂമുകളില്‍ വില്‍ക്കാനായി വെച്ച വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 

ഇപ്പോള്‍ എന്തുകൊണ്ട്?

ഒരിക്കല്‍ ഉപയോഗിച്ച കാറുകള്‍ വാങ്ങി വില്‍ക്കുന്ന യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം 2023 ഏപ്രില്‍ മുതല്‍ മുതല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. എന്നാല്‍ ഇത് സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശനമാക്കിയിരുന്നില്ല. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ വകുപ്പ് തീരുമാനിച്ചത്. 

ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് 

അഞ്ചുവര്‍ഷമാണ് ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. കേന്ദ്രസര്‍ക്കാരിന്റെ പരിവാഹന്‍ വെബ്സൈറ്റ് മുഖേനെയാണ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കേണ്ടത്. 25,000 രൂപയാണ് അപേക്ഷാഫീസ്. മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.

ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്ന യൂസ്ഡ് കാര്‍ ഷോറൂമുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ മതിയായസ്ഥലം ഉണ്ടാകണം. റോഡിന്റെ വശങ്ങളില്‍ കാറുകള്‍ നിര്‍ത്തിയിടുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് പെതുജനങ്ങള്‍ക്ക് വ്യക്തമായി കാണാന്‍ സാധിക്കുന്നതരത്തില്‍ പ്രദര്‍ശിപ്പിക്കണം. സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഡീലര്‍മാര്‍ക്ക് രജിസ്ട്രേഷന്‍, ഫിറ്റ്നസ് പുതുക്കുക, എന്‍.ഒ.സി. എന്നിവയ്ക്ക് അപേക്ഷ സമര്‍പ്പിക്കുക, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുക, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് എടുക്കുക എന്നിവയ്ക്ക് അര്‍ഹതയുണ്ടാകും.

വില്‍പ്പനയ്ക്കുള്ള കാറുകള്‍ പുറത്തിറക്കുന്നതിനും നിയന്ത്രണമുണ്ട്. വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ക്കുള്ള ടെസ്റ്റ് ഡ്രൈവ്, വാഹന റിപ്പയര്‍ അല്ലെങ്കില്‍ പെയിന്റിങ്, പുകപരിശോധന തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാത്രമേ ഇത്തരം വാഹനങ്ങള്‍ റോഡിലിറക്കാന്‍ പാടുള്ളൂ. പുറത്തേക്കിറക്കുമ്പോള്‍ സ്ഥാപനത്തിന്റെ ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.

In short -The Motor Vehicles Department of Kerala has made dealer authorization certificate mandatory for used car showrooms. Starting March 31, only establishments with this certificate will be allowed to operate in the state. Legal action will be taken against those operating without the certificate, and vehicles in such showrooms will be included in a blacklist, as warned by the Motor Vehicles Department.

Content Highlights: Kerala MVD made authorization certificate mandatory for used car showrooms from March 31