മഷി പുരണ്ട ഷര്‍ട്ടിട്ട് പുറത്തുപോകുമോ ; ഈ ഷര്‍ട്ടിന് വില 80,000
ഷര്‍ട്ടിലോ ഉടുപ്പിലോ കുറച്ച് മഷിയോ കറയോ പുരണ്ടാല്‍ എന്താ ചെയ്യാറുള്ളത് ?കറകളും പാടുകളും കളയാന്‍ പലവഴികളും നോക്കും. ഒടുവില്‍ പറ്റില്ലെന്ന് കണ്ടാല്‍ ആ വസ്ത്രം ഉപേക്ഷിച്ചുകളയുകയാണ് നമ്മളൊക്കെ ചെയ്യുന്നത്.
എന്നാല്‍ ഇതൊരു സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റായാലോ? സംശയിക്കണ്ട മഷി പടര്‍ന്ന ഷര്‍ട്ടിനെക്കുറിച്ചുതന്നെയാണ് പറയുന്നത്. പേനയില്‍ നിന്നും പോക്കറ്റില്‍ മഷി പടരുന്ന രീതിയിലാണ് ഈ ഷര്‍ട്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വസ്ത്രധാരണത്തില്‍ പുത്തനൊരു ട്രെന്‍ഡിന് തുടക്കമിട്ടിരിക്കുകയാണ് ഇറ്റാലിയന്‍ ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡായ മോസ്‌ക്വിനോ കുച്ച്വര്‍.
ഫോര്‍മല്‍ ഷര്‍ട്ടിലാണ് ഇത്തരത്തിലുള്ള പ്രിന്റ് മോസ്‌ക്വിനോ അവതരിപ്പിച്ചിരിക്കുന്നത്.ലൈറ്റ് ബ്ലൂ നിറത്തിലുള്ള ഈ ഷര്‍ട്ടിന് ഇങ്ക് ലീക്ക് പോക്കറ്റ് ഷര്‍ട്ട് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഒരു ഫോര്‍മല്‍ ഷര്‍ട്ട് എന്നതിനുപ്പറത്തേയ്ക്ക് ഒരു കലാസൃഷ്ടിയായാണ് മോസ്‌ക്വിനോ ഇതിനെക്കുറിച്ച് വിശദീകരിക്കുന്നത്.
അതിനാല്‍ വിലയും കൂടും. മഷി പുരണ്ട ഷര്‍ട്ട് വാങ്ങാന്‍ 80,000 രൂപയാണ് ചെലവ് വരുന്നത്. ഫുള്‍ സ്ലീവും വീതിയേറിയ സ്‌ട്രെയ്റ്റ് കഫുകളും വളഞ്ഞ ആകൃതിയിലുള്ള അരികുകളും ചേര്‍ന്ന ഈ ഷര്‍ട്ട് തികഞ്ഞ പ്രൊഫഷണല്‍ ലുക്ക് നിങ്ങള്‍ക്ക് സമ്മാനിക്കും.
സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡായ മോസ്‌ക്വിനോ തങ്ങളുടെ ഉത്പന്നങ്ങള്‍ കൗതുകമുണര്‍ത്തുന്ന ഡിസൈനുകളില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. 1983ല്‍ ഫ്രാങ്കോ മോസ്‌ക്വിനോയാണ് മോസ്‌ക്വിനോ കുച്ച്വര്‍ എന്ന ഫാഷന്‍ ബ്രാന്‍ഡിനു തുടക്കം കുറിച്ചത്.