'ജയിച്ചത് ഞാന്‍ തന്നെയാണ്', പരാജിതന്റെ നിരാശയില്ലെന്ന് മൈക്ക് ടൈസൺ

തോറ്റ് നില്‍ക്കുമ്പോഴും വിജയിക്കുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. കഴിഞ്ഞ രാത്രിക്ക് നന്ദിയുണ്ട്. അവസാനമായി ഒരു തവണ കൂടി റിങ്ങിലെത്തിയതില്‍ പശ്ചാത്താപമില്ല. ജൂണില്‍ ഞാന്‍ മരിച്ചതുപോലെയായിരുന്നു. എട്ട് തവണ ബ്‌ളഡ് ട്രാന്‍സ്ഫ്യൂഷന്‍ നടത്തി. ആശുപത്രിയില്‍ വെച്ച് ശരീരത്തിലെ പകുതിഭാഗം രക്തവും 11 കിലോഗ്രാം ശരീരഭാരവും നഷ്ടമായി. ആരോഗ്യം വീണ്ടെടുക്കാന്‍ പോരാടേണ്ടി വന്നു. അതിനാല്‍ വിജയിച്ചത് ഞാന്‍ തന്നെയാണ്. - മൈക് ടൈസന്റെ വാക്കുകളില്‍ ഒരു പോരാളിയുടെ കരുത്ത് നിഴലിട്ടിരുന്നു.
തിങ്ങിനിറഞ്ഞ ഡാലസ് കൗബോയ് സ്റ്റേഡിയത്തിൽ എൻ്റെ പകുതി പ്രായമുള്ള ഒരു പ്രതിഭാധനനായ പോരാളിയുമായി 8 റൗണ്ടുകൾ പൂർത്തിയാക്കുന്നത് എൻ്റെ മക്കൾ കാണുക. അത് ഒരു മനുഷ്യനും ചോദിക്കാൻ അവകാശമില്ലാത്ത അനുഭവമാണെന്നുകൂടി പറഞ്ഞുവെക്കുന്നുണ്ടയാൾ. പരാജിതന്റെ നിരാശയോടെയല്ല മരണത്തോട് പൊരുതി മുന്നേറിവന്നതിന്റെ ആത്മവിശ്വാസത്തോടെയാണ് ടൈസണ്‍ ബോക്സിങ് റിങ്ങില്‍ നിന്ന് മടങ്ങിയത്.