നമ്മുടെ സ്വന്തം കലണ്ടര്‍, കൊല്ലവര്‍ഷം 1200; മലയാളിക്ക് പുതിയ നൂറ്റാണ്ട്

ഓഗസ്റ്റ് പതിനേഴ്.കേരളം പുതിയൊരു നൂറ്റാണ്ടിലേക്ക് കണ്ണ് തുറക്കുകയാണ്. നമ്മുടെ സ്വന്തം കാലഗണനാരീതി കൊല്ലവര്‍ഷത്തിന്‌ 1200 വയസ്സ് തികയുന്നു. ലോകമെമ്പാടും രണ്ട് രീതിയിലാണ് കലണ്ടര്‍ സമ്പ്രദായമുള്ളത്. സൂര്യവര്‍ഷവും ചാന്ദ്രമാസത്തെ അടിസ്ഥാനമാക്കിയുള്ളതും. എന്നാല്‍ നമ്മുടെ കൊല്ലവര്‍ഷമാകട്ടെ സൂര്യ-ചാന്ദ്രാധിഷ്ടിതമാണ്. വിവാഹം ഉള്‍പ്പെടെയുള്ള മംഗളകര്‍മങ്ങള്‍ക്ക് മുഹൂര്‍ത്തം തീരുമാനിക്കാനും കൊല്ലവര്‍ഷത്തെയാണ് അടിസ്ഥാനമാക്കുന്നത്. ചിങ്ങത്തില്‍ തുടങ്ങി കര്‍ക്കടകത്തില്‍ അവസാനിക്കുന്ന 12 മാസങ്ങളാണ് ഒരു കൊല്ലവര്‍ഷം. 

ക്രിസ്തുവര്‍ഷത്തില്‍ മാസങ്ങളിൽ ദിവസങ്ങളുടെ എണ്ണം എറെക്കുറേ സ്ഥിരമാണ്. അധിവര്‍ഷത്തിലെ ഫെബ്രുവരി മാത്രമാണ് ഇതിനൊരു അപവാദം. എന്നാല്‍ കൊല്ലവര്‍ഷത്തില്‍ മാസങ്ങളിൽ ദിവസങ്ങളുടെ എണ്ണം മിക്കവാറും വ്യത്യസ്തമായിരിക്കും. രണ്ടു മാസങ്ങളില്‍ 29 ദിവസം വീതം വരാറുണ്ട്. ഒരു മാസം 32 ദിവസവും. ഇതും വ്യത്യാസപ്പെടാം. സൂര്യന്റെ ഗതിയെ അടിസ്ഥാനമാക്കിയാണ് കൊല്ലവര്‍ഷം ഗണിക്കപ്പെടുന്നത് എന്നതാണ് ഇതിനു കാരണം.

എഡി 825-ലാണ് കൊല്ലവര്‍ഷം തുടങ്ങിയതെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. പക്ഷേ, കൊല്ലവര്‍ഷം കൂടുതല്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത് എഡി 12-ാം നൂറ്റാണ്ടു മുതലാണ്. വേണാട്ട് രാജ്യത്തെ ശ്രീവല്ലഭന്‍ കോതയുടെ മാമ്പിള്ളി ശാസനമാണ് കൊല്ലവര്‍ഷം രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ രേഖ. 

Content Highlights: Malayalam year, kollavarsham, history