Video | പഴഞ്ചന്‍ ഉന്തുവണ്ടികള്‍ക്ക് വിട, ഫുഡ് സ്ട്രീറ്റ് വൈബില്‍ കോഴിക്കോട് ബീച്ച്
നിരനിരയായി ന്യൂജെന്‍ ഉന്തുവണ്ടികള്‍, കാഴ്ചയില്‍ ഒരേപോലുള്ള 90 എണ്ണം. ഇതിനോട് ചേര്‍ന്ന് പ്രത്യേക ഇരിപ്പിടങ്ങള്‍. കോഴിക്കോട് ബീച്ചിലെത്തുന്നവര്‍ക്ക് ഇനി പുതിയ വൈബാണ്, ഫുഡ് സ്ട്രീറ്റ് വൈബ്. കടലിനെക്കണ്ട്, സൊറ പറഞ്ഞ് ആസ്വദിച്ച് ഭക്ഷണം കഴിക്കാം. പഴഞ്ചന്‍ ഉന്തുവണ്ടികളോട് ഗുഡ്‌ബൈ പറഞ്ഞ് അടിമുടി മാറുകയാണ് കോഴിക്കോട് ബീച്ച്. കാത്തിരിപ്പിനൊടുവില്‍ വരുന്ന ഒക്ടോബര്‍ 20ന് രാത്രി കോഴിക്കോട്ടെ ആദ്യ ഫുഡ് സ്ട്രീറ്റ് തുറക്കും.
ബീച്ചില്‍ പ്രത്യേകമായി ഒരുക്കിയ 240 മീറ്റര്‍ നീളത്തിലുള്ള സ്ഥലത്താണ് ഫുഡ് സ്ട്രീറ്റ്. ഐസ്ഒരതി, ഉപ്പിലിട്ടത്, കാടമുട്ട, ഗ്രീന്‍പീസ്, ചായക്കടികള്‍... ഇവിടെയുള്ള 90 ഉന്തുവണ്ടികളിലും കിട്ടും നല്ല അസ്സല് ഫുഡ്. അത് കോഴിക്കോടന്‍ ഫുഡ്ഡുകള്‍ മാത്രമല്ല, പല നാടുകളിലേയും ഫുഡ്ഡുകള്‍. ഭക്ഷ്യസുരക്ഷാവകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷനും കോഴിക്കോട് കോര്‍പ്പറേഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ന്യൂജെന്‍ ഉന്തുവണ്ടികള്‍ കളംപിടിച്ചതോടെ നേരത്തെ ബീച്ചിലേക്കിറക്കി കച്ചവടം നടത്തിയിരുന്ന പഴയ തുരുമ്പെടുത്ത ഉന്തുവണ്ടികളൊന്നും ഇനിയിവിടെ കാണില്ല. കടല്‍ക്കാറ്റേറ്റ് തുരുമ്പെടുക്കാതിരിക്കാന്‍ പ്രത്യേകമായ സ്റ്റീല്‍ സ്ട്രക്ചറിലാണ് പുതിയ ഉന്തുവണ്ടികളുടെ നിര്‍മാണം. നേരത്തെ ബീച്ചില്‍ കച്ചവടം നടത്തിയവരാണ് ഫുഡ് സ്ട്രീറ്റിലും ഭക്ഷണം നല്‍കുക.
ബീച്ചിന്റെ മുഖംമാറ്റിയ ഫുഡ് സ്ട്രീറ്റീനായി 4.06 കോടി രൂപയാണ് ചെലവ്. ഇതില്‍ 2.41 കോടിരൂപ ദേശീയ നഗര ഉപജീവനദൗത്യം വഴിയും, ഒരുകോടിരൂപ ഭക്ഷ്യസുരക്ഷാവകുപ്പും ശേഷിക്കുന്ന തുക കോര്‍പ്പറേഷനും വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഭക്ഷണത്തെരുവിനോട് ചേര്‍ന്ന് മുലയൂട്ടാനുള്ള സൗകര്യവുമൊരുക്കും. ബീച്ചില്‍ നിലവിലുള്ള പോലീസ് എയ്ഡ് പോസ്റ്റും പുതുക്കുന്നുണ്ട്.