നമ്മൾ മലയാളികളാണ്,മണ്ടന്മാരല്ല; ഒടുവിൽ പോലീസിൻ്റെയും ട്രോൾ

അനധികൃത കുടിയേറ്റത്തെ കുറിച്ച് കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ വന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ആടുജീവിതം എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരം തഴയപ്പെട്ടതിനെ വിമര്‍ശിച്ചാണ് കേരള പോലീസിന്റെ പോസ്റ്റ്. ആടുജീവിതത്തിനെ പരിഗണിക്കാതിരുന്നത് പോലെ കഷ്ടപ്പെട്ട് കുടിയേറിയാല്‍ അത് ഫലമില്ലാതെ ആകുമെന്ന് പോസ്റ്റില്‍ പറയുന്നു. 

അതേസമയം, മാധവ് സുരേഷിന്റെ കുമ്മാട്ടിക്കളി എന്ന ചിത്രത്തിലെ ഡയലോഗിന് സമാനമായത് കൊണ്ട് തന്നെ ഒടുവില്‍ മാധവിനെ പോലീസും ട്രോളിയോ എന്നും ചില കമന്റുകളുണ്ട്. ദേശീയ അവാര്‍ഡിനെയും മാധവിനെയുമൊന്നും പോലീസ് ട്രോളിയതൊന്നുമല്ല സദുദ്ദേശപരമായി പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ മാത്രമുള്ള പോസ്റ്റാണെന്ന് ഒരു വിഭാഗം പറയുന്നു. അതെന്തായാലും ആ കുറിപ്പില്‍ പറഞ്ഞ കാര്യം അങ്ങനെ തമാശയായി തള്ളി കളയണ്ടതല്ല.

മറ്റു രാജ്യങ്ങളില്‍  നിയമവിരുദ്ധമായി പ്രവേശിച്ചാലോ, ജോലിയിലേര്‍പ്പെട്ടാലോ നിങ്ങള്‍ നിയമനടപടികള്‍ നേരിടേണ്ടതായി വരും. അത് നിങ്ങള്‍ അവിടെ ജയിലിലാകുവാനും വലിയ പിഴ അടയ്ക്കാന്‍ ബാധ്യസ്ഥനാകുവാനും കാരണമാകും. അനധികൃതമായി കുടിയേറ്റപ്പെട്ടവര്‍ യാതൊരു കാരണവശാലും സ്വന്തം രാജ്യത്തോ, പ്രവേശിക്കപ്പെട്ട രാജ്യത്തോ അംഗീകരിക്കപ്പെടുന്നില്ല. നിയമപ്രകാരം പ്രവാസത്തിലേര്‍പ്പെട്ടവര്‍ക്കുള്ള യാതൊരു സഹായ സൗകര്യങ്ങളും അത്തരക്കാര്‍ക്ക് ലഭിക്കില്ല. യാത്ര വിലക്ക് നേരിടാനും സാധ്യതയുണ്ട്. അംഗീകൃത ഏജന്‍സികളിലൂടെ അല്ലാതെ വിദേശ രാജ്യങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ അവിടത്തെ തൊഴില്‍രീതികളെക്കുറിച്ചോ, തൊഴില്‍ദാതാവിനെക്കുറിച്ചോ, ലഭിക്കേണ്ട വേതനത്തെക്കുറിച്ചോ, തൊഴില്‍സാഹചര്യങ്ങളെക്കുറിച്ചോ അജ്ഞരായിരിക്കും. ഇത് ചൂഷണ സാധ്യത വര്‍ധിപ്പിക്കുന്നു എന്നും കുറിപ്പിൽ പറയുന്നു.

Content Highlights: Kerala Police links immigration to Aadujeevitham award snub