എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി വേണോ?; ഈ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കേരള പോലീസ്
ഫോണിൽ പല തരത്തിലുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നവരാണ് നമ്മളല്ലേ... ഇതിൽ എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ? ചില ആപ്പുകൾക്ക് അടിസ്ഥാന പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് നമ്മൾ ലൊക്കേഷൻ അനുമതി നൽകണം. പക്ഷേ അനാവശ്യമായി ലൊക്കേഷൻ അനുമതി ആവശ്യപ്പെടുന്ന ആപ്പുകളും ഉണ്ട്. ചില ആപ്പുകളിൽ ഓപ്പൺ ചെയ്ത്, ഉപയോഗിക്കുമ്പോൾ മാത്രമായിരിക്കും ലൊക്കേഷൻ ഉപയോഗിക്കാനുള്ള അനുമതി ആവശ്യപ്പെടുക. എന്തായാലും ഏതൊക്കെ ആപ്പുകൾക്ക് ലൊക്കേഷൻ ഡാറ്റ കാണാനാകുമെന്ന് ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണെന്നാണ് കേരളാ പോലീസ് പറയുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്ത പോസ്റ്റിലാണ് ആപ്പുകൾക്ക് ലൊക്കേഷൻ അനുമതി നൽകുന്നത് സംബന്ധിച്ച് കേരളാ പോലീസ് ബോധവത്കരണം നടത്തുന്നത്.
ലൊക്കേഷൻ അറിയാനുള്ള അനുമതി ഏതൊക്കെ തരം അപ്പുകൾക്ക് നൽകണം?
മാപ്പിംഗ് ആപ്പുകൾക്ക് ലൊക്കേഷൻ ആക്സസ് ആവശ്യമാണ്. നമ്മുടെ ലൊക്കേഷൻ എവിടെയാണെന്ന് അറിയില്ലെങ്കിൽ മാപ്പിംഗ് ആപ്പുകൾക്ക് ദിശാസൂചനകൾ നൽകാൻ കഴിയില്ല. ക്യാമറ പ്രവർത്തിപ്പിക്കുമ്പോൾ എന്തിന് ലൊക്കേഷൻ എന്ന് ചിന്തിക്കാം, എന്നാൽ ഫോട്ടോ മെറ്റാഡാറ്റയിലേക്ക്, ഫോട്ടോകൾ എടുക്കപ്പെട്ട ലൊക്കേഷൻ ചേർക്കണോ എന്ന് ചിലപ്പോൾ ചോദിക്കാറുണ്ട്. ഇത് അത്യാവശ്യമല്ല. എന്നാൽ ഈ ഡാറ്റ ഉണ്ടെങ്കിൽ ഫോട്ടോകൾ കണ്ടെത്തുന്നത് എളുപ്പമാകും.
യാത്രക്കും മറ്റും ടാക്സി പിടിക്കാനുള്ള ആപ്പുകൾ, ഭക്ഷണം ഓർഡർ ചെയ്യാനുള്ള ആപ്പുകൾ എന്നിവയ്ക്ക് ലൊക്കേഷൻ ഡാറ്റ ആവശ്യമാണ്. പക്ഷേ അനുമതി എല്ലാ സമയത്തും ആവശ്യമില്ല. ഒരു പ്രദേശത്തെ കാലാവസ്ഥാ വ്യതിയാനം അറിയാൻ കാലാവസ്ഥ സംബന്ധമായ ആപ്പുകൾക്ക് ലൊക്കേഷൻ അനുമതി വേണം. ഒരുപാട് യാത്ര ചെയ്യുകയോ കഠിനമായ കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ ജീവിക്കേണ്ട സാഹചര്യമോ ഉണ്ടായാൽ വിശ്വസിക്കാവുന്ന ആപ്പുകൾക്ക് ലൊക്കേഷൻ ആക്സസ് നിശ്ചിത കാലത്തേക്ക് നൽകാം.
സോഷ്യൽ മീഡിയ ആപ്പുകൾക്ക് നമ്മൾ പോസ്‌റ്റ് ചെയ്യുന്ന ഫോട്ടോകൾ ജിയോടാഗ് ചെയ്യുന്നതിനുള്ള ലൊക്കേഷൻ അനുമതി മാത്രമേ സാധാരണ ആവശ്യമുള്ളൂ. എന്നാൽ പരസ്യങ്ങൾക്കായി ഇത്തരം ആപ്പുകൾ ഈ ഡാറ്റ ദുരുപയോഗം ചെയ്തേക്കാം. മാളുകളുടെയോ വലിയ വ്യവസായ സ്ഥാപനങ്ങളുടെയോ സമീപത്താകുമ്പോൾ ഉപഭോക്താവ് എന്ന രീതിയിൽ സന്ദേശങ്ങൾ കൈമാറാൻ ലൊക്കേഷൻ ഉപയോഗിച്ചേക്കാം. ആപ്പുകളുടെ സേവനങ്ങൾ വിലയിരുത്തി അത്യാവശ്യം ഉള്ളവയ്ക്ക് മാത്രം ലൊക്കേഷൻ അക്സസ്സ് നൽകുക.