ട്രെയിൻ യാത്രക്കാർക്കും കർശനമായ ബാഗേജ് നിയന്ത്രണങ്ങൾ, ഭാര പരിധി കഴിഞ്ഞാൽ പിഴ
വിമാനത്തിലൊന്നുമല്ലല്ലോ പോകുന്നേ, ട്രെയിനിൽ എത്ര ബാഗ് വേണമെങ്കിലും കൊണ്ടുപോകാലോ എന്ന ചിന്ത വേണ്ട. ട്രെയിൻ യാത്രക്കാർക്കും കർശനമായ ബാഗേജ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഇലക്ട്രോണിക് വെയ്സിംഗ് മെഷീനുകൾ വഴി യാത്രക്കാർ അവരുടെ ലഗേജ് കടത്തിവിടണം. ലഗേജുകൾ അനുവദനീയമായ ഭാര പരിധികൾക്കുള്ളിലാവണം. പരിധി കഴിഞ്ഞാൽ പിഴ അടയ്ക്കേണ്ടി വരും. അല്ലെങ്കിൽ അധിക ചാർജ് ഈടാക്കും. ഭാര പരിധിക്ക് താഴെയാണെങ്കിലും സ്ഥലം തടസ്സപ്പെടുത്തുന്ന വലിയ ബാഗുകൾക്ക് പിഴ ചുമത്തിയേക്കാം.
ട്രെയിനുകളിൽ ക്ലാസ് അനുസരിച്ച് ലഗേജ് പരിധി വ്യത്യാസപ്പെടും. എസി ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് 70 കിലോ വരെയും എസി ടു ടയർ യാത്രക്കാർക്ക് 50 കിലോ വരെയും എസി ത്രീ ടയർ, സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് 40 കിലോ വരെയും അനുവദിച്ചിട്ടുണ്ട്. ജനറൽ ക്ലാസ് യാത്രക്കാർക്ക് 35 കിലോ ആയി പരിമിതപ്പെടുത്തും. കൂടുതൽ കാര്യക്ഷമവും സുഖകരവുമായ യാത്രാനുഭവം ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
ഇതിനെല്ലാം പുറമെ പുനർനിർമ്മിച്ച സ്റ്റേഷനുകളിൽ പ്രീമിയം സിംഗിൾ ബ്രാൻഡ് ഔട്ട്‌ലെറ്റുകളും ഇന്ത്യൻ റെയിൽവേ തുടങ്ങുന്നുണ്ട്. വസ്ത്രങ്ങൾ, പാദരക്ഷകൾ, ഇലക്ട്രോണിക്സ്, യാത്രാ ഉപകരണങ്ങൾ തുടങ്ങിയവ വിൽക്കുന്ന ഈ ഔട്ട്‌ലെറ്റുകളിലൂടെ യാത്രക്കാരുടെ സൗകര്യവും റെയിൽവേ വരുമാനവും വർദ്ധിപ്പിക്കാനാണ് ഉദ്ദേശ്യം. പ്രയാഗ്‌രാജ് ജംഗ്ഷൻ, പ്രയാഗ്‌രാജ് ചിയോകി, സുബേദാർഗഞ്ച്, കാൺപൂർ സെൻട്രൽ, മിർസാപൂർ, തുണ്ട്ല, അലിഗഡ് ജംഗ്ഷൻ, ഗോവിന്ദ്പുരി, ഇറ്റാവ എന്നിവയുൾപ്പെടെ എൻസിആർ സോണിന് കീഴിൽ വരുന്ന പ്രധാന സ്റ്റേഷനുകളിലാണ് പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുക. യാത്രക്കാർക്ക് അവരുടെ ലഗേജുകളുടെ ഭാരം കണക്കാക്കിയ ശേഷം മാത്രമേ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശനം അനുവദിക്കൂ.