ആന്ധ്രയിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ ബസ് യാത്ര; പദ്ധതി ചെലവ് പ്രതിമാസം ഏകദേശം 162 കോടി

.
.

ആന്ധ്രാപ്രദേശിൽ എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഇനി സൗജന്യ ബസ് യാത്ര. സാധുവായ തിരിച്ചറിയൽ രേഖ ഹാജരാക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശികൾക്കാണ് സ്ത്രീ ശക്തി പദ്ധതി പ്രകാരം ഈ സൗജന്യ യാത്ര. ആന്ധ്രാപ്രദേശ് സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇങ്ങനെ യാത്ര ചെയ്യുന്നവർക്ക് പൂജ്യം നിരക്കിലുള്ള പ്രത്യേക ടിക്കറ്റുകളാവും നൽകുക. റീഇംബേഴ്‌സ്‌മെന്റിനായി APSRTC ഈ ടിക്കറ്റുകൾ സർക്കാരിന് സമർപ്പിക്കും. 2024 ലെ തിരഞ്ഞെടുപ്പിന് മുമ്പ് ടിഡിപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര. പ്രതിവർഷം 1,942 കോടി രൂപ അതായത് പ്രതിമാസം ഏകദേശം 162 കോടി രൂപ പദ്ധതിക്ക് ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.  

പല്ലലെലുഗു, അൾട്രാ പല്ലലെലുഗു, സിറ്റി ഓർഡിനറി, മെട്രോ എക്‌സ്പ്രസ്, എക്‌സ്പ്രസ് സർവീസുകൾക്ക് മാത്രമേ സൗജന്യ യാത്ര ബാധകമാകൂ. നോൺ-സ്റ്റോപ്പ് സർവീസുകൾ, അന്തർസംസ്ഥാന പ്രവർത്തനങ്ങൾ, കോൺട്രാക്ട് കാരിയേജുകൾ, ചാർട്ടേഡ് സർവീസുകൾ, പാക്കേജ് ടൂറുകൾ, സപ്തഗിരി എക്സ്പ്രസ്, അൾട്രാ ഡീലക്സ്, സൂപ്പർ ലക്ഷ്വറി, സ്റ്റാർ ലൈനർ, എല്ലാ എയർ കണ്ടീഷൻ ചെയ്ത സർവീസുകളും ഇതിൽ ഉൾപ്പെടില്ല. യാത്രക്കാരുടെ സുരക്ഷയ്ക്കായി, ജീവനക്കാരുടെ ശരീരത്തിൽ ക്യാമറകൾ സജ്ജീകരിക്കുന്നതിനും എല്ലാ ബസുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്.

Content Highlights: Free bus rides for women in Andhra | TDP govt to launch scheme from August 15