ബിഗ് ബില്യൺ ഡേ സെയിൽ; കൂടുതൽപ്പേരെ ജോലിക്കെടുക്കാൻ ഫ്ലിപ്കാർട്ട്
ബിഗ് ബില്യൺ ഡേ സെയിലിനോടനുബന്ധിച്ച് ഒരു ലക്ഷത്തിൽക്കൂടുതൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് ഫ്ലിപ്കാർട്ട്. ബിഗ് ബില്യൺ ഡേ സെയിലിന്റെ പത്താം എഡിഷനാണ് ഇനി നടക്കാൻ പോകുന്നത്. ഫെസ്റ്റീവ് സീസൺ പ്രമാണിച്ച് ഉപഭോക്തൃ സേവനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ ആളുകളെ ജോലിയ്ക്കെടുക്കാൻ കമ്പനി തീരുമാനിച്ചത്.
സപ്ലൈ ചെയിനുമായി ബന്ധപ്പെട്ട ജോലികൾക്ക് പരിശീലനം നൽകിയാണ് ആളുകളെ ജോലിയ്ക്കെടുക്കുക. ഹാൻഡ്-ഹെൽഡ് ഉപകരണങ്ങൾ, സ്കാനറുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ തുടങ്ങിയവയെല്ലാം ഉപയോഗിക്കേണ്ടതെങ്ങനെയെന്നും പഠിപ്പിക്കും. പ്രാദേശിക തലത്തിൽ കൂടുതൽ മെച്ചപ്പെട്ട തൊഴിലുകൾ നൽകാൻ ഇതുവഴി സാധിക്കുമെന്നും കമ്പനി അധികൃതർ പറഞ്ഞു.