ശുഭാംശുവും സംഘവും സ്പ്ലാഷ് ഡൗണ്‍ ചെയ്തത് പസഫിക് സമുദ്രത്തില്‍, എന്താണ് സ്പ്ലാഷ് ഡൗണ്‍?

ആക്‌സിയം 4 ദൗത്യം പൂര്‍ത്തിയാക്കി ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉള്‍പ്പെടെയുള്ള സംഘം സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള പസഫിക് സമുദ്രത്തിലായിരുന്നു ഗ്രെയ്സ് എന്ന ക്രൂ ഡ്രാഗണ്‍ പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്തത്. എന്താണ് ഈ സ്പ്ലാഷ് ഡൗണ്‍? എന്തിനാണ് ഗ്രെയ്സ് പേടകം കരയില്‍ ഇറക്കാതെ കടലില്‍ ഇറക്കിയത്?
കരയില്‍ വന്നിറങ്ങുന്നതിന് പകരം ബഹിരാകാശ യാത്രികര്‍ കടലില്‍ ലാന്‍ഡ് ചെയ്യുന്നതിനെയാണ് സ്പ്ലാഷ് ഡൗണ്‍ എന്ന് പറയുന്നത്. ബഹിരാകാശ പേടകമോ വിക്ഷേപണ വാഹനമോ പാരച്യൂട്ടുകളുടെ സഹായത്തോടെ കടലില്‍ ഇറങ്ങുന്നതാണ് ഈ രീതി. ഭൂമിയിലേക്ക് തിരിച്ചുവരുന്ന പേടകത്തിന്റെയും അതിനുള്ളിലെ യാത്രികരുടേയും സുരക്ഷ ഉറപ്പാക്കാനാണ് എല്ലായിപ്പോഴും സ്പ്ലാഷ് ഡൗണ്‍ രീതി തിരഞ്ഞെടുക്കുന്നത്.
കരയിലേത് വളരെ ഉറച്ച പ്രതലമാണ്. എന്നാല്‍ കടലിലേത് അങ്ങനെയല്ല, വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രതലം വളരെ മൃദുവായിരിക്കും. അതുകൊണ്ട് തന്നെ കടലില്‍ പതിക്കുമ്പോള്‍ പേടകത്തിനുണ്ടാകുന്ന ആഘാതം കുറവായിരിക്കും. പേടകത്തിന്റെ വേഗത പെട്ടെന്ന് കുറയ്ക്കാന്‍ ജലത്തിന്റെ സാന്ദ്രത സഹായിക്കുകയും ചെയ്യും. ഭൗമാന്തരീക്ഷത്തിലൂടെ അതിവേഗതയില്‍ കടന്നെത്തുന്നതിനാല്‍ പേടകം വലിയതോതില്‍ ചൂടാകും. ലാന്‍ഡിങ് സമുദ്രത്തിലാണെങ്കില്‍ പേടകത്തെ എളുപ്പത്തില്‍ തണുപ്പിക്കുകയും ചെയ്യാം. ലാന്‍ഡിങ് വേളയില്‍ പേടകത്തിന് ഘടനാപരമായ തകരാറുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനും കടലിലെ സ്പ്ലാഷ് ഡൗണ്‍ സഹായിക്കും.
14 ദിവസത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ സംഘം 18 ദിവസം നിലയത്തില്‍ താമസിച്ച ശേഷമാണിപ്പോള്‍ തിരിച്ചെത്തിയത്. ഇത്രയും നാള്‍ മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയില്‍ കഴിഞ്ഞതിനാല്‍ നിരവധി ആരോഗ്യ പരിശോധനകള്‍ക്കും ശുഭാംശുവും സംഘവും ഇനി വിധേയരാകണം. ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുന്നതിനായി ജോണ്‍സണ്‍ സ്പേസ് സെന്ററില്‍ ഏഴു ദിവസം സംഘം നിരീക്ഷണത്തില്‍ കഴിയും. അതിനുശേഷം മാത്രമേ ശുഭാംശു ഇന്ത്യയിലേക്ക് മടങ്ങുകയുള്ളു.
Content Highlights: Axiom 4 concludes with a successful splashdown in Ocean Learn about splashdowns and its benefits