ഇന്ത്യയില്‍ അഞ്ച് വയസിന് താഴെയുള്ള 40 ശതമാനം കുട്ടികളിലും വിളര്‍ച്ച- പഠനം എയിംസിന്റേത്

ഇന്ത്യയിലെ പത്തില്‍ ആറ് കുട്ടികളിലും സൂക്ഷ്മപോക്ഷകങ്ങളുടെ കുറവുള്ളതായി എയിംസ് നടത്തിയ പഠനം വ്യക്തമാക്കുന്നു. ഒന്ന് മുതല്‍ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളിലെ വിളര്‍ച്ചയും സൂക്ഷ്മപോഷകങ്ങളായ ഇരുമ്പ്, വിറ്റാമിന്‍ ബി12, ഫോളിക് ആസിഡ് തുടങ്ങിയവയുടെ കുറവും വിലയിരുത്തുന്ന സമഗ്ര ദേശീയ പോഷകാഹാര സര്‍വേയുടെ ഭാഗമായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഒരു കൂട്ടം ഗവേഷകരാണ് പഠനം നടത്തിയത്. 40 ശതമാനത്തോളം കുട്ടികളില്‍ വിളര്‍ച്ചയുള്ളതായാണ് കണ്ടെത്തല്‍.
പഠനം നടത്തിയ പതിനായിരത്തോളം കുട്ടികളില്‍ മൂന്നിലൊന്ന് പേര്‍ക്കും വിളര്‍ച്ചയ്‌ക്കൊപ്പം സൂക്ഷ്മപോഷകങ്ങളുടെ കുറവുള്ളതായി കണ്ടെത്തി. പകുതിയലധികം കുട്ടികളിലും വിളര്‍ച്ചയില്ലെങ്കിലും സൂക്ഷ്മപോഷകങ്ങളുടെ അഭാവമുണ്ടെന്ന് എയിംസിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. കപില്‍ യാദവ് പറയുന്നു. അമ്മമാര്‍ക്ക് വേണ്ട രീതിയില്‍ വിദ്യാഭ്യാസം ലഭിക്കാതെ പോകുന്നതും ഗര്‍ഭകാലത്ത് മതിയായ അളവില്‍ ഇരുമ്പ്-ഫോളിക് ആസിഡ് മരുന്നുകള്‍ കഴിക്കാത്തതുമൊക്കെയാണ് കുട്ടികളിലെ വിളര്‍ച്ചയ്ക്ക് കാരണമായി പഠനം ചൂണ്ടിക്കാണിക്കുന്നത്. അനീമിയ മുക്ത് ഭാരത് പദ്ധതിയുടെ ഭാഗമായി അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കിടയിലെ വിളര്‍ച്ച നിയന്ത്രണത്തിന് ഇരുമ്പ്, ഫോളിക് ആസിഡ് തുടങ്ങിയവയുടെ സപ്ലിമെന്റുകള്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.