എറണാകുളം-ബെംഗളൂരു വന്ദേഭാരത്; ടിക്കറ്റ് ചാര്‍ജ് എക്‌സിക്യുട്ടീവ് ചെയറിന് 2980, ചെയര്‍കാറിന് 1615

യാത്രക്കാരുടെ ഏറെനാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് യാഥാര്‍ഥ്യമായിരിക്കുകയാണ്. എട്ട് മണിക്കൂര്‍ 40 മിനിറ്റുകൊണ്ട് എറണാകുളത്തുനിന്ന് ബെംഗളൂരുവിലെത്താം. ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസം സര്‍വീസ്.

ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ 5.10ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.50ന് എറണാകുളത്തെത്തും. തിരിച്ച് എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 2.20നാണ് ട്രെയിന്‍ ബെംഗളൂരുവിലേക്ക് പുറപ്പെടുക. രാത്രി 11ന് ബെംഗളൂരുവിലെത്തും. നിലവില്‍ 11 മണിക്കൂറോളം എടുത്തിരുന്ന ട്രെയിന്‍ യാത്ര ഒമ്പത് മണിക്കൂറിനുള്ളിലായി ചുരുങ്ങുന്നത് ഈ റൂട്ടിലെ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ്.

എറണാകുളം, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര്‍ ബെംഗളൂരു എന്നിങ്ങനെയാണ് സ്റ്റേഷനുകള്‍. കെഎസ്ആര്‍ ബെംഗളൂരുവില്‍നിന്ന് പൂലര്‍ച്ചെ 5.10ന് പുറപ്പെടുന്ന ട്രെയിന്‍ 5.25ന് കൃഷ്ണരാജപുരത്തെത്തും. 7 മണിക്ക് ജോലാര്‍ പേട്ടൈ, 8.15ന് സേലം, ഈറോഡില്‍ 9.05ന്. 9.47ന് തിരുപ്പൂര്‍, 10.35ന് കോയമ്പത്തൂര്‍, 11.30ന് പാലക്കാട്, 12.30ന് തൃശ്ശൂരിലുമെത്തുന്ന ട്രെയിന്‍ 1.50ന് എറണാകുളം സൗത്തിലെത്തിച്ചേരും. തിരിച്ച് എറണാകുളം സൗത്ത് സ്റ്റേഷനില്‍നിന്ന് ഉച്ചയ്ക്ക് 2.20ന് പുറപ്പെടുന്ന ട്രെയിന്‍ 3.20ന് തൃശ്ശൂരിലെത്തും. തുടര്‍ന്ന് 4.37ന് പാലക്കാട്, 5.23ന് കോയമ്പത്തൂര്‍, 6.05ന് തിരുപ്പൂര്‍, 6.50ന് ഈറോഡ്, സേലത്ത് 7.20ന്, 9.05ന് ജോലാര്‍പേട്ടൈ, 10.25ന് കൃഷ്ണരാജപുരത്തുമെത്തുന്ന ട്രെയിന്‍ രാത്രി 11 മണിക്ക് കെഎസ്ആര്‍ ബെംഗളൂരുവില്‍ യാത്ര അവസാനിക്കും.

പുതിയ വന്ദേഭാരതിന്റെ പതിവു സര്‍വീസ് നവംബര്‍ 11 മുതലാണ് ആരംഭിക്കുക. ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് ഭക്ഷണം ഉള്‍പ്പെടെ എക്‌സിക്യുട്ടീവ് ചെയറിന് 2980 രൂപയായിരിക്കും ടിക്കറ്റ് ചാര്‍ജ്. ചെയര്‍കാറിന് ഭക്ഷണം ഉള്‍പ്പെടെ 1615 രൂപയും.

Content Highlights: ernakulam bangalore vande bharat train ticket fare