100 ഗ്രാമിന്റെ വേദനയ്ക്ക് 6015 വോട്ടിന്റെ ഭൂരിപക്ഷം കൊണ്ട് കണക്കുതീർത്ത് വിനേഷ്

Photo: PTI
Photo: PTI

പാരീസ് ഒളിമ്പിക്‌സില്‍ ഭാരക്കൂടുതലിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ട് കണ്ണീരോടെ മടങ്ങിയ വിനേഷ് ഫോഗട്ടിനെ ഇന്ത്യക്കാര്‍ ആരും തന്നെ മാറക്കാനിടയില്ല. നാട്ടില്‍ തിരിച്ചെത്തി ഗുസ്തി എന്നന്നേക്കുമായി അവസാനിപ്പിച്ച വിനേഷിനെ ഇന്ത്യക്കാര്‍ പിന്നീട് കാണുന്നത് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ്. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് ഗോദയിലെ കന്നിപ്പോരാട്ടത്തില്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് വിനേഷ്. ബിജെപി സ്ഥാനാര്‍ഥിയും ഇന്ത്യന്‍ ആര്‍മിയിലെ റിട്ട. ക്യാപ്റ്റനുമായ യോഗേഷ് ബൈരാഗിക്കെതിരേ 6015 വോട്ടുകള്‍ക്കായിരുന്നു വിനേഷിന്റെ വിജയം. 19 വര്‍ഷങ്ങള്‍ക്കു ശേഷം ജുലാന മണ്ഡലം കോണ്‍ഗ്രസിനായി തിരികെപ്പിടിക്കാനും ഗോദയിലെ ഈ ചുണക്കുട്ടിക്കായി. അതും രാഷ്ട്രീയത്തിലെ കന്നിയങ്കത്തില്‍.

15 റൗണ്ട് നീണ്ട വോട്ടെണ്ണലിനൊടുവില്‍ 65,080 വോട്ടുകളാണ് വിനേഷിന് ലഭിച്ചത്. ഏത് മാര്‍ഗത്തിലൂടെയാണെങ്കിലും വിനേഷിനെ തോല്‍പ്പിക്കാനിറങ്ങിയ ബിജെപിക്ക് ലഭിച്ചതാകട്ടെ 59,065 വോട്ടുകള്‍. സംസ്ഥാനത്ത് ഹാട്രിക്ക് വിജയം നേടാനായെങ്കിലും വിനേഷെന്ന എതിരാളിക്കെതിരായ തോല്‍വി അവര്‍ക്ക് വിലയ ക്ഷീണമായി.

കുറേക്കാലമായി ബിജെപിയുടെ കണ്ണിലെ കരടാണ് വിനേഷ്. ലൈംഗിക പീഡനാരോപണം നേരിട്ട മുന്‍ ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത് വിനേഷായിരുന്നു. കഴിഞ്ഞ വര്‍ഷം രാജ്യം ഒന്നങ്കം വീക്ഷിച്ച ആ സമരം ബിജെപിക്കുണ്ടാക്കിയ ആഘാതം ചില്ലറയൊന്നുമായിരുന്നില്ല. അന്നു മുതല്‍ വിനേഷ് ബിജെപിയുടെ നോട്ടപ്പുള്ളിയായി മാറി. 

സാധാരണ 53 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ മത്സരിച്ചിരുന്ന വിനേഷ് പാരീസ് ഒളിമ്പിക്‌സില്‍ 50 കിലോ വിഭാഗത്തില്‍ മത്സരിക്കാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു. എന്നിട്ടും ഒളിമ്പിക്‌സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമെന്ന നേട്ടം സ്വന്തമാക്കി ഫൈനലിന് ഒരുങ്ങുമ്പോഴാണ് 100 ഗ്രാം ഭാരക്കൂടുതലിന്റെ പേരില്‍ വിനേഷ് അയോഗ്യയാക്കപ്പെടുന്നത്. തുടര്‍ന്ന് താരം അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം. ഒടുവില്‍ ഗോദയിലെ രാഷ്ട്രീയത്തില്‍ മനംമടുത്ത് ഗോദ വിട്ട വിനേഷ് ഇപ്പോഴിതാ രാഷ്ട്രീയ ഗോദയില്‍ തന്നെ ബിജെപിക്ക് മറുപടി നല്‍കിയിരിക്കുകയാണ്.

In Short: Vinesh Phogat, the Indian wrestler disqualified from the Paris Olympics, defeats BJP candidate Yogesh Bairagi in the Julan Assembly constituency. This victory marks her political debut and a potential blow to the BJP.

Content Highlights: Vinesh Phogat Wins Haryana Election