38 വർഷം പഴക്കമുള്ള തുണിക്കട; പ്രളയത്തിന് പിന്നാലെ വീണ്ടും മഴക്കെടുതി, നഷ്ടം 50 ലക്ഷത്തിലേറെ
1989ൽ ആരംഭിച്ച തുണിക്കട. വർഷങ്ങളായി കച്ചവടം നടത്തി കുടുംബം മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ 2018ലെ പ്രളയം നൽകിയ ആഘാതം ചെറുതായിരുന്നില്ല. അന്ന് ഒരു കോടിയിലേറെ രൂപയുടെ നഷ്ടമാണ് കടയ്ക്കുണ്ടായത്. പ്രളയത്തിന്റെ ഓർമകൾ മായുംമുമ്പേ വീണ്ടും മഴക്കെടുതി. കഴിഞ്ഞ ദിവസങ്ങളിൽ പത്തനംതിട്ടയിൽ പെയ്ത ശക്തമായ മഴയിൽ 50 ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങളാണ് കടയിൽ നശിച്ചത്.
ഓണം മുന്നിൽക്കണ്ട് വലിയ തോതിൽ സ്റ്റോക്ക് എത്തിച്ചിരുന്നതായിരുന്നു. എന്നാൽ മഴവെള്ളം കടയ്ക്കുള്ളിൽ കയറിയതോടെ വസ്ത്രങ്ങളടക്കമുള്ള സാധനങ്ങൾ നശിച്ചു. മഴക്കാലത്ത് സാധനങ്ങൾ കേടായതോടെ വൻ സാമ്പത്തിക ബാധ്യതയാണ് വ്യാപാരികൾക്ക് മുന്നിലുള്ളത്. ഇൻഷുറൻസ് തുകയിൽനിന്ന് നഷ്ടത്തിന്റെ ഒരു ഭാഗമെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ.