പത്മപ്രഭാ പുരസ്‌കാരം റഫീക്ക് അഹമ്മദിന് സമര്‍പ്പിച്ചു

ആധുനിക വയനാടിന്റെ ശില്പികളില്‍ പ്രമുഖനായ എം.കെ. പത്മപ്രഭാ ഗൗഡരുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പത്മപ്രഭാ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന് സമ്മാനിച്ചു. കവിയും ഗാനരചയിതാവുമായ മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറാണ് പുരസ്‌കാരം സമ്മാനിച്ചത്. മാതൃഭൂമി ഡയറക്ടര്‍ എം.കെ. ജിനചന്ദ്രന്‍ റഫീക്ക് അഹമ്മദിനെ പൊന്നാടയണിയിച്ചു. പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് പുരസ്‌കാര സമര്‍പ്പണം നടന്നത്. 

പത്മരാഗക്കല്ല് പതിച്ച ഫലകവും 75,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയര്‍മാനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ എന്‍.എസ്. മാധവന്‍ ചെയര്‍മാനും കവിയും ഗദ്യകാരനുമായ കല്‍പ്പറ്റ നാരായണന്‍, നിരൂപക എസ്. ശാരദക്കുട്ടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.

മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍, എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമന്‍, സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. പി. ചാത്തുക്കുട്ടി, എഴുത്തുകാരായ സുഭാഷ് ചന്ദ്രന്‍, ബി.കെ. ഹരിനാരായണന്‍, ഷീലാ ടോമി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Content Highlights: Padma Prabha award was presented to Rafique Ahmed