'കാസ്രോട്ടാറ് പൊളിയല്ലേ?' തളങ്കരയിൽ നിന്ന് രാജകൊട്ടാരത്തിലേക്ക്; ചാൾസ് രാജാവിന്റെ APS ആയി മുന

മുന ഷംസുദ്ദീൻ, ചാൾസ് മൂന്നാമൻ രാജാവ്
മുന ഷംസുദ്ദീൻ, ചാൾസ് മൂന്നാമൻ രാജാവ്

മലയാളി സാന്നിധ്യമില്ലാത്ത രാജ്യങ്ങൾ കുറവാണ്. ഏതിടങ്ങളിൽ ചെന്നാലും 'നാട്ടിലെവിടാ' എന്ന ചോദ്യം കേൾക്കാത്തവർ കുറവായിരിക്കും. പലയിടങ്ങളിലും ഭരണചക്രം തിരിക്കുന്നതിനു പിന്നിൽ പോലും ഒരു മലയാളിവേര് കണ്ടെത്താൻ സാധിക്കും. ദേ ഇപ്പോൾ  ബ്രിട്ടീഷ് രാജാവിന്റെ കൊട്ടാരത്തിലും ഒരു മലയാളി സാന്നിധ്യം.. അതും രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി.

ബ്രിട്ടൺ ചാൾസ് മൂന്നാമൻ രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഇപ്പോൾ ഒരു മലയാളിയാണ്. കാസർകോട്ടുകാരിയായ മുന ഷംസുദ്ദീൻ. തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ ഡോ. പുതിയപുരയിൽ ഷംസുദ്ദീന്റെയും സെയ്ദുന്നിസ എന്ന ഷഹനാസിന്റെയും മകളാണ് മുന ഷംസുദ്ദീൻ.

കഴിഞ്ഞ വർഷമാണ് ചാൾസ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി മുന ഷംസുദ്ദീൻ എത്തുന്നത്. ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥയായ ഇവർ ലണ്ടനിലെ ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡവലപ്മെന്റ് ഓഫീസിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു ഈ സ്ഥാനക്കയറ്റം.

ബ്രിട്ടനിലെ നോട്ടിങ്ങാം സർവകലാശാലയിൽനിന്ന് മാത്തമാറ്റിക്സ് ആൻഡ് എൻജിനിയറിങ്ങിൽ ബിരുദം നേടിയശേഷമാണ് മുന ബ്രിട്ടീഷ് വിദേശകാര്യ സർവീസിൽ ചേർന്നത്. ജറുസലേമിൽ കോൺസുലേറ്റ് ജനറലായും പാകിസ്താനിലെ കറാച്ചിയിൽ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ആയും പ്രവർത്തിച്ചു. യു.എൻ. ഉദ്യോഗസ്ഥനായ ഡേവിഡാണ് ഭർത്താവ്. 

നിലവിൽ മുന ഉൾപ്പെടെയുള്ളവർക്കാണ് ചാൾസ് രാജാവിന്റെ ഔദ്യോഗിക പരിപാടികളുടെ ചുമതല. രാജാവിനൊപ്പം വിദേശയാത്രകളിലും മറ്റും അനുഗമിക്കുകയും വേണം.

കാസർകോട്ടെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ. പി. അഹ്‌മദിന്റെയും പരേതയായ സൈനബിയുടെയും മകനാണ് മുന ഷംസുദ്ദീന്റെ പിതാവ് ഡോ. ഷംസുദ്ദീൻ. യു.എസിലും ബ്രിട്ടനിലും സൗദി അറേബ്യയിലും അദ്ദേഹം പ്രവർത്തിച്ചു. തിരികെ ബ്രിട്ടണിലെത്തിയശേഷം കുടുംബസമേതം ബർമിങ്ങാമിൽ സ്ഥിരതാമസമാക്കുകയായിരുന്നു.

കുട്ടിക്കാലത്ത് മുന കുടുംബാംഗങ്ങളോടൊപ്പം എല്ലാ വർഷവും കാസർകോട്ടേക്ക് വരാറുണ്ടായിരുന്നുവെന്ന കാര്യം അടുത്ത ബന്ധുക്കൾ ഓർത്തെടുക്കുന്നു. ഏറ്റവുമൊടുവിൽ 10 വർഷം മുൻപാണ് ഇവർ നാട്ടിൽ വന്നത്.

Content Highlights: Muna Shamsuddin Assistant Private Secretary to The King