ചെളിയും വെള്ളക്കെട്ടും പഴങ്കഥ; പടിഞ്ഞാറേ കല്ലടയില്‍ ഇനി ഫ്‌ളോട്ടിങ് സോളാര്‍
ചെളിയെടുത്ത് വെള്ളക്കെട്ടായ മുണ്ടകപ്പാടത്ത് ഇനി വൈദ്യുതി വിളയും. 50 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കുന്ന ‘ഫ്ലോട്ടിങ് സോളാർ പദ്ധതി’യുടെ നിർമാണോദ്ഘാടനം ഉടൻ പ്രധാനമന്ത്രി നിർവഹിക്കും. കൊല്ലം ശാസ്താംകോട്ട പടിഞ്ഞാറേക്കല്ലടയുടെ പഴയ നെല്ലറയായിരുന്നു, മുണ്ടകപ്പാടം. അഞ്ഞൂറേക്കര്‍ പരന്നുകിടന്ന പാടത്ത് നൂറുമേനി നെല്‍ വിളഞ്ഞിരുന്നത് പഴയ തലമുറയ്ക്ക് ഓര്‍മ്മയുണ്ട്. എന്നാല്‍ ഇഷ്ടിക വ്യവസായം വന്നപ്പോള്‍ ചെളിയെടുക്കാനായി കര്‍ഷകര്‍ ഭൂമി നല്‍കി. ചെളിയെടുത്ത് പടുകുഴിയായ ശേഷവും മണ്ണെടുപ്പുകാര്‍ പാടം കുഴിച്ചുകൊണ്ടിരുന്നു. ഈ സമയത്താണ് സ്വര്‍ണ നിറമുള്ള മണലിന്റെ ശേഖരം കണ്ടെത്തിയത്. പിന്നീട് നിയന്ത്രണമില്ലാത്ത മണല്‍ ഖനനമായി.ഒടുവില്‍ അഞ്ഞൂറ് ഏക്കര്‍ വരുന്ന മുണ്ടകപ്പാടം കായല്‍ പോലെയായി.
ഒരുപ്രയോജനവുമില്ലാതെ കിടന്ന പാടം എങ്ങനെ ഉപയോഗിക്കാമെന്ന ആലോചനയില്‍ നിന്നാണ് 50 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കുന്ന 'ഫ്‌ലോട്ടിങ് സോളാര്‍ പദ്ധതി' പിറവിയെടുക്കുന്നത്. മുണ്ടകപ്പാടത്തെ വെള്ളക്കെട്ടിനു മുകളില് സോളാര് പാനല് സ്ഥാപിച്ചാണ് വൈദ്യുതി ഉല്പ്പാദിപ്പിക്കുന്നത്. പടിഞ്ഞാറേക്കല്ലട നോണ് കണ്വന്ഷണല് എനര്ജി പ്രൊമോട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപത്കരിച്ച് നാഷണല് ഹൈഡ്രോ ഇലക്ട്രിക് പവര് കോര്പറേഷനെ (എന്‍.എച്ച്.പി.സി.) നോഡല്‍ ഏജന്‍സിയായി നിയോഗിച്ചാണ് 300 കോടി രൂപയുടെ പദ്ധതി നടപ്പാക്കുക. സംസ്ഥാനത്തെ ഏറ്റവും വലിയ ഫ്‌ളോട്ടിങ് സോളാര് പദ്ധതിയാണ് 340 ഏക്കര് പാടത്ത് ഒരുങ്ങുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.