സമ്പൂര്‍ണ വാക്‌സിനേറ്റഡ് ജില്ല, നേട്ടം കൈവരിച്ചതിനെക്കുറിച്ച് വയനാട് ജില്ലാ കളക്ടര്‍

കോവിഡ് വ്യാപനം രൂക്ഷമായ കേരളത്തില്‍ വാക്‌സിനേഷനില്‍ നേട്ടം കൈവരിച്ചിരിക്കുകയാണ് മലയോര ജില്ലയായ വയനാട്. സംസ്ഥാനത്ത് 18 വയസ്സിന് മുകളില്‍  പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ ആദ്യ ഡോസ് പൂര്‍ത്തിയാക്കിയാണ് നേട്ടം. ഒരു ടീം ആയി പ്രവര്‍ത്തിച്ചതും രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ജില്ലക്ക് അത് താങ്ങാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന തിരിച്ചറിവാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഒപ്പം വാക്‌സിനേഷനിലും ജില്ലയെ മുന്നിലെത്തിച്ചത്.

ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പരിമിതികളും മനസിലാക്കിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്‌സിനേഷന്‍ പ്രക്രിയയും മുന്നോട്ട് കൊണ്ട് പോയതെന്ന് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള പറയുന്നു. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ഇത് തന്നെയാണ് പിന്തുടര്‍ന്നത്. ജില്ലയില്‍ 6,15,729 പേര്‍ക്ക് ആദ്യ ഡോസും 2,13,277 പേര്‍ക്ക് രണ്ടാം ഡോസും ഇതുവരെ നല്‍കി കഴിഞ്ഞു.

ഫെബ്രുവരി മാസം മുതല്‍ വാക്‌സിനേഷന്‍ ആരംഭിച്ചു. ട്രൈബല്‍ മേഖലയില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കാനായി മിഷന്‍ മാര്‍ച്ച് എന്ന പേരില്‍ ഒരു പദ്ധതി തന്നെ ആവിഷ്‌കരിച്ച് ജനങ്ങളെ കൂടുതല്‍ ബോധവത്കരണം നടത്തി. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഇത് വിജയകരമായി നടപ്പിലാക്കിയത്. ഓരോ ഭരണസമിതിയും ഓരോ ടീം എന്ന നിലയിലാണ് പ്രവര്‍ത്തിച്ചത്. 600 പേരുള്ള ഒരു വാര്‍ഡില്‍ 2 ഗ്രൂപ്പുകളായി ജനങ്ങളെ തിരിച്ച ശേഷമാണ് വാക്‌സിനേഷന്‍ നടത്തിയത്.

Content Highlights: