വേമ്പനാട്ടുകായലിലൂടെ 12 കി.മീ. സാഹസിക ബോട്ട് യാത്ര; ഹരിത കർമ സേനാംഗങ്ങളെ അഭിനന്ദിച്ച് മന്ത്രി

അജൈവമാലിന്യം ശേഖരിക്കാൻ വേമ്പനാട്ടുകായലിലൂടെ 12 കി.മീറ്റർ സാഹസിക ബോട്ട് യാത്ര നടത്തി മന്ത്രി എം.ബി രാജേഷിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയിരിക്കുകയാണ് കൈനകരി ഹരിത കർമ്മസേനയിലെ യോഗിതയും രേഷ്മിജയും. ആലപ്പുഴ കൈനകരി സ്വദേശിനികളാണ് ഇരുവരും. എത്ര കഷ്ടപ്പെട്ടാലും തൊഴിലിൽ വിട്ടുവീഴ്ചയില്ലെന്നാണ് യോഗിതയും രേഷ്മിജയും പറയുന്നത്.

കൈനകരി പഞ്ചായത്തിലെ കുപ്പപ്പുറം ഒന്നാം വാർഡിലും റാണി, ചിത്തിര, മാർത്താണ്ഡം, ആർ ബ്ലോക്ക്, സി ബ്ലോക്ക് എന്നീ അഞ്ച് കായൽ പ്രദേശങ്ങളിലുമാണ് ഇവരുടെ ശേഖരണം. രാവിലെ ഒൻപത് മുതൽ അഞ്ചുവരെയാണ് ഇവരുടെ പ്രവർത്തന സമയം. പക്ഷേ കായൽ പ്രദേശങ്ങളിലേക്ക് പോകാൻ സമയമെടുക്കുമെന്നതിനാൽ രാവിലെ തന്നെ പുറപ്പെടും. വള്ളമില്ലാതെ യാത്ര ചെയ്യാൻ പറ്റില്ലെന്നതാണ് പ്രശ്നം. ഇതിനായി മാസം 27000 രൂപ വാടക നൽകി യന്ത്രംഘടിപ്പിച്ച വള്ളം വാടകയ്ക്കെടുത്തിട്ടുണ്ട്. ഇത് പഞ്ചായത്ത് നൽകും. പക്ഷേ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല.

മഴക്കാലമായാൽ കായലിൽ വെള്ളത്തിൽ വലിയ തിരയിളക്കമുണ്ടാകും. ആ സമയത്ത് വള്ളത്തിലെ യാത്ര അപകടംപിടിച്ചതാണെന്ന് ഇവർ പറയുന്നു. മൂന്നുവർഷം മുൻപാണ് ഇരുവരും ഹരിതകർമ സേനാംഗങ്ങളായെത്തിയത്. ദിവസവും 500 രൂപ വേതനമായി ലഭിക്കും. 252 വീടുകളെ ഉള്ളൂവെങ്കിലും വലിയ പ്രദേശമാണ്. വീടുകളിലുള്ള മാലിന്യങ്ങൾക്ക് പുറമെ പുരവഞ്ചിയിൽനിന്നുള്ള മാലിന്യവും ഇവർ ശേഖരിക്കും. ഇത് പലപ്പോഴും കാടുകളിലും ആളൊഴിഞ്ഞ ഉപേക്ഷിച്ച നിലയിലാകും. മാസം 300 കിലോ അജൈവ മാലിന്യമാണ് ഇരുവരും ശേഖരിച്ചുവരുന്നത്. അടുത്തിടെ കായൽ മാലിന്യം മീക്കം ചെയ്യുന്നതിന് പ്രത്യേക കാംപെയ്ൻ നടത്തിയിരുന്നു. അതിലൂടെ 11 ടൺ മാലിന്യം ശേഖരിച്ചു. ശേഖരിക്കുന്ന മാലിന്യം കൈനകരി പഞ്ചായത്തിലാണ് എത്തിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം

കഴിഞ്ഞ ദിവസവും കായലിൽ തിരയടിക്കുന്ന സമയത്ത് മാലിന്യശേഖരണത്തിനായി പോയപ്പോഴാണ് വള്ളക്കാരൻ വീഡിയോ ചിത്രീകരിച്ചത്. അപകടകരമായ സാഹര്യങ്ങളിൽ പോകുമ്പോൾ അതിന്റെ ദൃശ്യങ്ങൾ പഞ്ചായത്തിന് അയച്ചു നൽകാറുണ്ട്. അങ്ങനെ പഞ്ചായത്ത് അധികാരികളുടെ ഗ്രൂപ്പിലിട്ടു. അവിടുന്ന് അത് കൈമാറി മന്ത്രിയുടെ ഓഫീസിലേക്ക് എത്തുകയും മന്ത്രി അഭിനന്ദിച്ച് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിടുകയും ചെയ്തു.

Content Highlights: Two women braved Vembanad Lake’s rough waters to collect waste, earning praise from Minister