വീടിരുന്ന സ്ഥലത്ത് ഒന്നുമില്ല,കണ്ണമാലിക്കാരുടെ സങ്കടം പരിഹരിക്കാനായില്ലെങ്കിൽ തലതാഴ്ത്തണം- VD സതീശൻ

കണ്ണമാലിയിലെ പാവപ്പെട്ട ജനങ്ങളുടെ സങ്കടം വർഷങ്ങളായി പരി​ഹരിക്കാൻ പറ്റിയില്ലെങ്കിൽ കുറ്റബോധംകൊണ്ട് തലതാഴ്ത്തി നിൽക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംസ്ഥാനത്തെ ഏറ്റവും ​ഗുരുതരമായ വിഷയമാണ് കണ്ണമാലിയിലേത്. ഇതൊക്കെയായിരിക്കണം സർക്കാറിന്റെ മുൻ​ഗണന. പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് പ്രശ്നപരിഹാരത്തിനായി പരമാവധി കാര്യം ചെയ്യുമെന്നും അത് വീണ്ടും അവ​ഗണിക്കുകയാണെങ്കിൽ കണ്ണമാലിക്കാർ നടത്തുന്ന സമരത്തിന്റെ കൂടെ ചേരുമെന്നും അ​​ദ്ദേഹം പറഞ്ഞു. 

'പലരുടെയും വീടിരുന്ന സ്ഥലത്ത് ഇന്ന് ഒന്നും ബാക്കിയില്ല. അവരിൽ ചിലർ വാടകയ്ക്കും, വാടക കൊടുക്കാനില്ലാത്തവർ പകുതിയിടിഞ്ഞ വീടുകളിലും താമസിക്കുകയാണ്. അത് കണ്ടാൽ നമുക്ക് ഭയമാകും. ഏത് സമയത്ത് വേണമെങ്കിലും ഇടിഞ്ഞ് വീഴുന്ന അവസ്ഥയിലാണ് ആ വീടുകൾ. ചെല്ലാനത്തെ മുഴുവൻ പ്രശ്നവും തീരുമെന്ന് പറഞ്ഞിട്ട് ചെല്ലാനത്തിന്റെ പകുതി പ്രശ്നം പോലും തീർന്നിട്ടില്ല. ശരിക്കും 17 കിലോമീറ്റർ കെട്ടാനുണ്ട്. ഈ മൂന്ന് കിലോമീറ്റർ എങ്കിലും കെട്ടിയിരുന്നെങ്കിൽ കണ്ണമാലിയിലെ പ്രശ്നമെങ്കിലും മാറിയേനെ. എന്തുകൊണ്ടാണ് പ്രൊജക്ട് പകുതിപോലും തീർക്കാൻ കഴിയാതെ നിന്നത് ഒരു വിശദീകരണവും ആർക്കും ഇല്ല. എത്രയോ പഠനങ്ങൾ നടത്തികഴിഞ്ഞതാണ്. കടൽഭിത്തി കെട്ടാനുള്ള സംവിധാനമാണ് ഏർപ്പെടുത്തേണ്ടതെന്ന് എല്ലാവരും പറഞ്ഞു. അതിനുള്ള എസ്റ്റിമേറ്റ് എടുത്ത് അതിനുള്ള പണം കണ്ടെത്തണം. പ്രൊജക്ട് തയ്യാറാക്കി കേന്ദ്ര ​ഗവൺമെന്റിന് കൂടെ സമർപ്പിച്ചാൽ നമ്മുടെ എംപിമാരെകൊണ്ട് സമ്മർദം ചെലുത്തി അത് പാസാക്കാൻ നമ്മൾ ശ്രമിക്കുമായിരുന്നു', വി.ഡി സതീശൻ വ്യക്തമാക്കി. 

Content Highlights: VD Satheesan about seawall construction in Kannamaly