പ്രത്യേക താള-ചലനങ്ങളോടെ ആസ്വാദനം; ആസ്വാദകരുടെ മനം കവര്‍ന്ന് മേളപ്രേമി ടൈറ്റസിന്റെ പ്രകടനം

#കെ.വി. രാജശേഖരന്‍

കോട്ടുവള്ളി: പ്രത്യേകമായ താള-ചലനങ്ങളോടെ പൂരപറമ്പുകളില്‍ മേളാസ്വാദകരുടെ മനം കവരുകയാണ് മേളപ്രേമി ടൈറ്റസ്. നഗര-നാട്ടുമ്പുറമെന്ന വ്യത്യാസമില്ലാതെ കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും മേളാസ്വാദനത്തിനായെത്തുന്ന ടൈറ്റസ് ഇതിനകം തന്നെ നൂറുകണക്കിനു മേളങ്ങളാണ് നേരിട്ടാസ്വദിക്കാനെത്തിയിട്ടുള്ളത്. തൃശ്ശൂര്‍ ഇലഞ്ഞിത്തറ മേളപ്രമാണി കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രമാണത്തില്‍  കോട്ടുവള്ളി തൃക്കപുരം ക്ഷേത്രത്തില്‍ നടന്ന മേളം ആസ്വദിക്കാനെത്തിയ ടൈറ്റസിന്റെ പ്രകടനം ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റി. 

ഒന്നര പതിറ്റാണ്ടിലേറെയായി പൂരപ്പറമ്പുകളിലെ സജീവ സാന്നിധ്യമാണ് തൃശൂര്‍ അറണാട്ടുകര സ്വദേശിയായ ടൈറ്റസ്. പ്രത്യേകമായ താള - ചലനങ്ങളോടെ മേളാസ്വാദനം നടത്തുന്ന ടൈറ്റസിന്റ പ്രകടനം മേളാസ്വാദനത്തിനെത്തുന്നവരുടെയെല്ലാം ശ്രദ്ധയെ ആകര്‍ഷിക്കുന്ന തരത്തിലാണ്. മേള കലാകാരന്‍മാരുടെ താളവും ചലനവും നിരീക്ഷിച്ചു തന്റേതായ താളക്രമത്തിലാണ് ടൈറ്റസിന്റെ മേളാസ്വാദനം. 

കോട്ടുവള്ളി തൃക്കപുരം ക്ഷേത്രത്തില്‍ ഇതാദ്യമായിട്ടാണ് മേളാസ്വാദനത്തിനെത്തുന്നതെന്ന് ടൈറ്റസ് പറഞ്ഞു. പൂരപ്പറമ്പിലെത്തിയാല്‍ മറ്റൊന്നിലും ശ്രദ്ധ തിരിയാറില്ല. മനസ്സും ശരീരവുമൊക്കെ മേളത്തില്‍ മാത്രമായിരിക്കും. മേളം കഴിയുന്നതുവരെ പൂരപ്പറമ്പില്‍ ചെലവഴിക്കുമെന്നും ടൈറ്റസ് പറഞ്ഞു.  കേരളത്തിലെ അറിയപ്പെടുന്ന എല്ലാ മേള പ്രമാണിമാരുടെയും മേളം നേരില്‍ കണ്ടിട്ടുണ്ട്. ഒട്ടുമിക്ക മേള കലാകാരന്‍മാരുമായും സൗഹൃദം സൂക്ഷിക്കുന്നതായും ടൈറ്റസ് പറയുന്നു. ഒരോ മേളം കഴിയുമ്പോഴും തന്റെ താള - ചലനങ്ങളിലും മാറ്റം വരുത്താറുണ്ടെന്നും തന്റെ മേളാസ്വാദന രീതിയാണിതെന്നും ഇതില്‍ പൂര്‍ണ്ണ സന്തോഷം കണ്ടെത്താനാകുന്നുണ്ടെന്നും ടൈറ്റസ് പറഞ്ഞു. എക്‌സൈസ് അക്കാദമിയില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ടൈറ്റസ് 2023 ലാണ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത്. അവിവാഹിതനാണ്.

Content Highlights: Titus: The Unique Melam Enthusiast