തിരുവല്ലത്ത് കുന്നിന് മുകളിൽ തീപിടിത്തം; പത്തേക്കറോളം സ്ഥലത്തെ മരങ്ങൾ കത്തിനശിച്ചു

തിരുവല്ലം: തിരുവല്ലം പുഞ്ചക്കരിയിലെ ആഴകോണത്ത് ഇലങ്കം കുന്നിന് മുകളിൽ തീപിടിത്തം. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ഏകദേശം പത്തോക്കറോളം സ്ഥലത്തെ നൂറുകണക്കിന് മരങ്ങൾ കത്തിനശിച്ചു. ആഴകോണം മുതൽ മധുപാലം വരെയുളള ഭാഗത്താണ് തീ വ്യാപിച്ചത്. ഇതിന് മറുവശത്തുള്ള ജഡ്ജികുന്ന് ഭാഗത്തും തീപടർന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തീപിടിച്ച മരങ്ങളിൽ ചിലത് കുന്നിൽ നിന്ന് താഴേക്ക് വീണത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. വിഴിഞ്ഞം അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിൽ തീ അണച്ചു. 

അതേസമയം ശക്തമായ കാറ്റുണ്ടായാൽ വീണ്ടും തീപടരുമെന്ന ആശങ്കയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. റോഡുകളുടെ വീതികുറവുകാരണം അഗ്നിരക്ഷാസേനാ വാഹനങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയുമുണ്ട്. 
 

Content Highlights: Fire Engulfs Ilanku Hill in Thiruvallam