ശിവാജി ഗണേശന്റെ പക്കാ ഡ്യൂപ്; 'സിങ്കപ്പൂര്‍ ശിവാജി' കലാപ്രകടനത്തിനിടെ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

.
.

ടന്‍ ശിവാജി ഗണേശനെ അനുകരിച്ച് പ്രശസ്തനായ അശോകന്‍ മുനിയാണ്ടി(60) കലാപ്രകടനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. സിങ്കപ്പൂരില്‍ ശിവാജി ഗണേശന്റെ വേഷത്തില്‍ കലാപരിപാടി അവതരിപ്പിക്കുന്നതിനിടെയായിരുന്നു ദാരുണാന്ത്യം. 'സിങ്കപ്പൂര്‍ ശിവാജി' എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ അവസാനദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. 

സിങ്കപ്പൂരിലും മലേഷ്യയിലും ഇന്ത്യയിലും ശിവാജി ഗണേശനെ അനുകരിച്ച് ശ്രദ്ധനേടിയ കലാകാരനാണ് അശോകന്‍ മുനിയാണ്ടി. 24 വര്‍ഷം മുന്‍പാണ് അദ്ദേഹം ശിവാജി ഗണേശനെ അനുകരിച്ച് തുടങ്ങിയത്. തുടര്‍ന്ന് നിരവധി വേദികളില്‍ മുനിയാണ്ടി ശിവാജിയായെത്തി.

തന്നെ കാണാന്‍ ശിവാജിയെപ്പോലെയുണ്ടെന്ന് പലരും പറഞ്ഞതോടെയാണ് അദ്ദേഹത്തെ അനുകരിക്കാന്‍ തുടങ്ങിയതെന്ന് മുനിയാണ്ടി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ശിവാജി ഗണേശനെപ്പോലെ വസ്ത്രം ധരിച്ച് അദ്ദേഹത്തിന്റെ പാട്ടിലെ വരികള്‍ക്ക് ചുണ്ടനക്കി കാണികളെ ത്രസിപ്പിക്കുന്നതായിരുന്നു മുനിയാണ്ടിയുടെ പ്രകടനം. മിക്ക വാരാന്ത്യങ്ങളിലും അദ്ദേഹത്തിന് കലാപരിപാടികളുണ്ടായിരുന്നു. സിങ്കപ്പൂരില്‍ അരമണിക്കൂര്‍ പരിപാടി അവതരിപ്പിക്കാന്‍ 400 സിങ്കപ്പൂര്‍ ഡോളര്‍ (ഏകദേശം 25690 രൂപ) ആണ് അദ്ദേഹം ഈടാക്കിയിരുന്നത്. 

അവസാനത്തെ പരിപാടിയിലും ശിവാജി ഗണേശന്‍ അഭിനയിച്ച പാട്ടിനൊപ്പം അദ്ദേഹത്തെ അനുകരിക്കുന്നതിനിടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഗാനം കഴിഞ്ഞയുടന്‍ സദസ്സിലുള്ളവര്‍ കൈയടിക്കുന്നതും അവതാരകന്‍ വേദിയിലേക്ക് വന്നതിന് തൊട്ടുപിന്നാലെ മുനിയാണ്ടി കുഴഞ്ഞുവീഴുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. 

ഒക്ടോബര്‍ 12-നാണ് അശോകന്‍ മുനിയാണ്ടിയുടെ മരണം സംഭവിച്ചതെന്നാണ് സിങ്കപ്പൂര്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഒക്ടോബര്‍ 15-ന് സംസ്‌കാരചടങ്ങുകള്‍ നടക്കും.

Content Highlights: singapore sivaji asokan muniyandy dies