158 വർഷത്തെ ചരിത്രം തിരുത്തി SFI-യുടെ ഫരിഷ്ത; യൂണിവേഴ്‌സിറ്റി കോളേജിന്റെ ആദ്യത്തെ വനിതാ ചെയർപേഴ്സൺ

എല്ലാ വിദ്യാര്‍ഥികളുടെയും കൂട്ടായപ്രവര്‍ത്തനത്തോടെ കോളേജ് യൂണിയനെ നയിക്കുമെന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ആദ്യ വനിതാ ചെയര്‍പേഴ്‌സണായ എന്‍.എസ്. ഫരിഷ്ത. 14 അംഗ യൂണിയനില്‍ ഒന്‍പതുപേരും പെണ്‍കുട്ടികളാണ്. ഒന്നാംവര്‍ഷ പ്രതിനിധിയായി കഴിഞ്ഞ യൂണിയനിലും താന്‍ അംഗമായിരുന്നു. കഴിഞ്ഞ യൂണിയന്റെ അതേരീതിയില്‍ സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കും. ഷീ ഫെസ്റ്റ് പോലെയുള്ള പരിപാടികളടക്കം യൂണിയന്റെ ആലോചനയിലുണ്ടെന്നും ഫരിഷ്ത മാധ്യമങ്ങളോട് പറഞ്ഞു.
യൂണിവേഴ്‌സിറ്റി കോളേജിന്റെ ആദ്യത്തെ വനിതാ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത് താനാണ്. നേരത്തെ ലിഡിയ മറിയം എന്ന സഖാവിനെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് എസ്.എഫ്.ഐ. സ്ഥാനാര്‍ഥിയാക്കിയായിരുന്നു. എന്നാല്‍, കെ.എസ്.യു അക്രമം അഴിച്ചുവിട്ടതിനാല്‍ അന്ന് തിരഞ്ഞെടുപ്പ് നടന്നില്ല.
എല്ലാ വിദ്യാര്‍ഥികളുടെയും കൂട്ടായപ്രവര്‍ത്തനത്തോടെ മുന്നോട്ടുപോകും.മള്‍ട്ടിപ്പിള്‍ഡാഡി ഡിസോര്‍ഡറുള്ള എസ്.എഫ്.ഐ.ക്കാരാണ് യൂണിവേഴ്‌സിറ്റി കോളേജിലുള്ളതെന്ന് പോലും കെ.എസ്.യു.ക്കാര്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പറഞ്ഞിരുന്നു. അതിനെയെല്ലാം വിദ്യാര്‍ഥികള്‍ തള്ളിക്കളഞ്ഞു. കെ.എസ്.യുവും ഫ്രട്ടേണിറ്റിയും സഖ്യമായാണ് മത്സരിച്ചത്. യൂണിവേഴ്‌സിറ്റി കോളേജിനെ കരിവാരിതേക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തിയത്. ഈ തിരഞ്ഞെടുപ്പിലും അതുണ്ടായി. അതിനെയെല്ലാം വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി തള്ളിക്കളഞ്ഞു. അവരില്‍ വിശ്വാസം അര്‍പ്പിച്ച് മുന്നോട്ടുപോകുമെന്നും ഫരിഷ്ത പറഞ്ഞു. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തിരുവനന്തപുരം എ.കെ.ജി. സെന്ററിലെത്തിയപ്പോഴാണ് ഫരിഷ്ത മാധ്യമങ്ങളോട് സംസാരിച്ചത്.
യൂണിവേഴ്‌സിറ്റി കോളേജിന്റെ 158 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ ചെയര്‍പേഴ്‌സണ്‍ വിദ്യാര്‍ഥി യൂണിയനെ നയിക്കാനെത്തുന്നത്. എസ്.എഫ്.ഐ. സ്ഥാനാര്‍ഥിയായി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മത്സരിച്ച ഫരിഷ്ത 1427 വോട്ട് നേടിയാണ് വിജയിച്ചത്. രണ്ടാംവര്‍ഷ ഫിലോസഫി വിദ്യാര്‍ഥിയായ ഫരിഷ്ത കോഴിക്കോട് രാമനാട്ടുകര സ്വദേശിനിയാണ്.